ചെന്നൈ: അപകടത്തെ തുടർന്ന് കൈകൾ നഷ്ടപ്പെട്ട യുവാവിന് ഡ്രൈവിംഗ് ലൈസൻസ്. ചെന്നൈ സ്വദേശി 31 കാരനായ തൻസീറിനാണ് ചെന്നൈ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പ്രത്യേക ഡ്രൈവിംഗ് ലൈസൻസ് നൽകിയത്. ഡോക്ടർമാർ നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് തൻസീറിന് ലൈസൻസ് നൽകാൻ തീരുമാനമായത്.
തമിഴ്നാട്ടിൽ ഇതാദ്യമായാണ് കാലുകൾ കൊണ്ട് വാഹനമോടിച്ച് ടെസ്റ്റിൽ വിജയിച്ച വ്യക്തിയ്‌ക്ക് ലൈസൻസ് നൽകുന്നത്. അംബേദ്കർ ഗവൺമെൻ്റ് ലോ കോളേജിലെ ബിരുദാനന്തര ബിരുദധാരിയാണ് തൻസീർ. കാലുകൾ ഉപയോഗിച്ച് വളരെ പ്രാഗത്ഭ്യത്തോടെയാണ് തൻസീൻ വാഹനമോടിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് തൻസീറിന് ലൈസൻസ് ലഭിച്ചത്.
ദിവ്യാംഗരായ പ്രോത്സാഹിപ്പിക്കുന്നതിനായി തന്നെ പോലെയുള്ളവർക്ക് ഇനിയും ലൈസൻസുകൾ നൽകാൻ സർക്കാർ തയ്യാറാകണമെന്ന് തൻസീർ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഞാൻ കാറോടിക്കുന്നത് കാണുമ്പോൾ പലരും അത്ഭുതത്തോടെ നോക്കുന്നു. പലരും എന്നെ അഭിനന്ദിച്ചു. ബൈക്ക് ഓടിക്കുക എന്നതാണ് എന്റെ അടുത്ത ലക്ഷ്യം. കാറോടിക്കാൻ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല, ഒരു കാല് കൊണ്ട് സ്റ്റിയറിംഗും മറ്റേ കാല് കൊണ്ട് ആക്സിലേറ്ററും ബ്രോക്കും കൈകാര്യം ചെയ്യുന്നു. കാറോടിക്കണം എന്നത് തന്റെ ഏറെ നാളത്തെ സ്വപ്നമാണെന്നും യുവാവ് പറഞ്ഞു.
തൻസീറിന്റെ സൗകര്യത്തിനനുസരിച്ച് വാഹനത്തിൽ ഹോൺ, ഇൻഡിക്കേറ്റർ, വൈപ്പർ, ലൈറ്റ് സ്വിച്ചുകൾ എന്നിവ ഹാൻഡ് ബ്രേക്കിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. ആഗ്രഹം പോലെ ബൈക്ക് ഓടിക്കാനുള്ള പരിശീലനത്തിലാണ് യുവാവ്. കേരളത്തിൽ കാർ ഓടിക്കുന്ന കൈകളില്ലാത്ത ഒരു സ്ത്രീയുടെ ലൈസൻസ് രേഖകളുടെ പകർപ്പുകൾ തൻസീർ ആർടിഒ ഓഫീസർമാരെയും ഡോക്ടർമാരെയും കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലൈസൻസ് നൽകാനുള്ള നടപടികളിലേക്ക് ആർടിഒ കടന്നത്.