എറണാകുളം: കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ മകൻ അജിത്തിനെ പൊലീസ് ചോദ്യം ചെയ്യും. അജിത്തിനെതിരെ കേസെടുത്തെങ്കിലും ഇയാൾ സ്ഥലത്തില്ലാത്തതിനാൽ തുടർ നടപടികൾക്ക് സാധിച്ചിട്ടില്ല. വയോധികനായ ഷൺമുഖനെ ഏറ്റെടുക്കാൻ പെൺമക്കളും വിസമ്മതിച്ചു. ഇതോടെ ഷൺമുഖനെ കോതമംഗലത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടിലെത്തിച്ചു.
സംഭവത്തിൽ ഇന്നലെ തന്നെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഷണ്‍മുഖന് മതിയായ ചികിത്സയും പരിചരണവും ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും അറിയിച്ചിരുന്നു. തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചതിന് ശേഷം ഷൺമുഖനെ സഹോദരന്റെ വീട്ടിലെത്തിക്കുകയായിരുന്നു.
ഷണ്മുഖന്റെ മകൻ ഇദ്ദേഹത്തെ ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം വീട്ടുസാധനങ്ങളുമായി കഴിഞ്ഞ ദിവസമാണ് കടന്നുകളഞ്ഞത്. ഭക്ഷണം പോലും ലഭിക്കാത്ത വയോധികനെ വാടകവീടിന്റെ ഉടമസ്ഥരാണ് നോക്കിയത്. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഷൺമുഖനെ ആശുപത്രിയിലെത്തിച്ചു.