മധ്യപ്രദേശ്: മദ്യനയ അഴിമതിക്കേസിൽ ജയിലിലായിരുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ജയിലിൽ എത്തിയതിനുശേഷം കെജ്‌രിവാളിന്റെ മനോനില നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പരിഹസിച്ചു.
” ജയിലിൽ എത്തിയതോടെ അരവിന്ദ് കെജ്‌രിവാളിന്റെ മനോനില നഷ്ടപ്പെട്ടു. ഇപ്പോൾ ജാമ്യത്തിലാണ്, അതും തിരഞ്ഞെടുപ്പ് വരെ മാത്രം,” അദ്ദേഹം പറഞ്ഞു. ഭാരതീയ ജനതാ പാർട്ടിയിലെ പ്രവർത്തകർക്ക് രാഷ്‌ട്രീയം സ്ഥാനമാനങ്ങൾ നേടാനോ സ്വാർത്ഥതാല്പര്യങ്ങൾ നേടാനോ ഉള്ള വഴിയല്ല. രാജ്യത്തെ സേവിക്കാനും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി പ്രവർത്തിക്കാനുമുള്ള മാധ്യമമായാണ് ബിജെപി രാഷ്‌ട്രീയത്തെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി നൽകുന്ന ഏതു ജോലിയും താനുൾപ്പെടെയുള്ള പ്രവർത്തകർ പൂർണ അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും സത്യസന്ധനാഥയോടെയും ചെയ്യുമെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.
“എന്റെ സീറ്റ് ഒഴികെ, ഞാൻ മധ്യപ്രദേശിലെ പല ലോക്സഭാ സീറ്റുകളിലും പോയി പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തി. ഞങ്ങളെല്ലാം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കെജ്‌രിവാൾ ഇന്ന് അഴിമതി കുരുക്കിൽ പെട്ടിരിക്കുകയാണ്” അദ്ദേഹം പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അന്വേഷണത്തെ തുടർന്ന് ജയിലിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.















