ന്യൂഡൽഹി: ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വന്നത്. ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതേത്തുടർന്ന് രണ്ട് ആശുപത്രികളിലും പരിശോധന തുടരുകയാണെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
ആശുപത്രികളുടെ വളപ്പിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവ ഉടനെ പൊട്ടിത്തെറിക്കുമെന്നുമാണ് സന്ദശത്തിൽ പറയുന്നത്. ഇ-മെയിലിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അനാവശ്യമായി ജനങ്ങളിൽ ഭീതി പരത്തരുതെന്നും നിലവിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇത് രണ്ടാം തവണയാണ് ഡൽഹിയിൽ ബോംബ് ഭീഷണിയുണ്ടാവുന്നത്. കഴിഞ്ഞ ആഴ്ചയും ഡൽഹിയിലെയും ഗുജറാത്തിലെയും അഹമ്മദാബാദിലെയും സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഇത് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ബോംബ് ഭീഷണി ലഭിച്ച് ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴാണ് അടുത്ത ബോംബ് ഭീഷണി ഡൽഹിയിലെ ആശുപത്രികൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്നും ഇ-മെയിലിന്റെ ഐപി വിലാസങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.