തായ്‌വാൻ: പ്രതിമാസ പെൻഷൻ തുക കൈക്കലാക്കാൻ പിതാവിന്റെ മൃതദേഹം വർഷങ്ങളോളം ഒളിപ്പിച്ചു വെച്ച് യുവതി. പിതാവിന്റെ സൈനിക പെൻഷൻ തുകയായ ഒരു ലക്ഷത്തിലധികം രൂപ കൈക്കലാക്കാനാണ് യുവതി മൃതദേഹം ഒളിപ്പിച്ചു വച്ചത്. 50 വർഷത്തിലേറെയായി യുവതിയും പിതാവും ഒരുമിച്ചാണ് താമസിക്കുന്നത്. തായ്‌വാനിലാണ് സംഭവം.
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് എത്തിയ ആരോഗ്യ പ്രവർത്തകരെ ഇവർ വീട്ടിൽ പ്രവേശിപ്പിച്ചിരുന്നില്ല. തുടർന്നും ഗവൺമെൻറ് ഉദ്യോഗസ്ഥരെ ഇവർ വീട്ടിലേക്ക് പ്രവേശിപ്പിക്കാൻ കൂട്ടാക്കിയില്ല. ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവതിയെയും പിതാവിനെയും പറ്റി അന്വേഷണം നടത്തുകയായിരുന്നു. എന്നാൽ യുവതി പിതാവ് വൃദ്ധസദനത്തിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വീണ്ടും ചോദ്യം ചെയ്തപ്പോൾ ഇവർ മറ്റൊരു കഥയുണ്ടാക്കി. പിതാവ് സഹോദരനൊപ്പം മറ്റൊരു സഥലത്താണെന്ന് ഇവർ പറഞ്ഞു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ സഹോദരൻ 50 വർഷങ്ങൾക്ക് മുൻപ് മരിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസ് ഇവരെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.
ഇത്തവണ സഹോദരനൊപ്പം താമസിക്കവെ പിതാവ് മരിച്ചുപോയെന്നും ബോഡി നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിനാൽ മരണ സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്നുമായിരുന്നു യുവതി പറഞ്ഞ കള്ളം. തുടർന്ന് യുവതിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒരു പ്ലാസ്റ്റിക്ക് ബാഗിൽ ഒളിപ്പിച്ചനിലയിൽ മുതിർന്ന ഒരാളുടെ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പിതാവ് മരിച്ചിട്ട് വര്ഷങ്ങളായതായി കണ്ടെത്തി. മൃതദേഹം മറവു ചെയ്യാതെ ഒളിപ്പിച്ചു വയ്‌ക്കുന്നത് തായ്‌വാനിൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.