കുളിച്ചുവന്നാൽ ശരീരം മാത്രമല്ല ചിലപ്പോൾ മനസും തണുക്കാറുണ്ട്. കേവലം ശാരീരിക ശുചിത്വം നേടുക എന്നതിലുപരി മനസിനും ശരീരത്തിനും പ്രത്യേക ഊർജവും ഉന്മേഷവും ലഭിക്കാനും ദിവസേനയുള്ള കുളി സഹായിക്കും. എന്നാൽ വെള്ളം ദേഹത്തൊഴിക്കാതെയും ഉന്മേഷം കണ്ടെത്തുന്ന തരം കുളിയുണ്ട്. അതാണ് സൗണ്ട് ബാത്ത്..
എന്താണ് സൗണ്ട് ബാത്ത്?
ശബ്ദം കൊണ്ടെങ്ങനെ കുളിക്കാനാകും അല്ലേ.. സൗണ്ട് ബാത്ത് നടത്തിയാൽ ടെൻഷനും സമർദങ്ങളുമൊക്കെ മറികടക്കാമെന്നാണ് പറയപ്പെടുന്നത്. ഇതിനായി ശുചിമുറിയിൽ പോകേണ്ട കാര്യവുമില്ല. കാരണം ഒരുതരം സൗണ്ട് തെറാപ്പിയാണ് സൗണ്ട് ബാത്ത്. കാരണം മാനസികമായ മുറിവുകളെ ഉണക്കാനുള്ള പ്രത്യേകതരം കഴിവ് ശബ്ദത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഈ സാധ്യതയാണ് സൗണ്ട് ബാത്തിലൂടെ ഉപയോഗിക്കുന്നത്.
ഏതെങ്കിലും മെലഡിയോ ഫാസ്റ്റ് നമ്പറോ കേൾക്കുന്നതല്ല സൗണ്ട് ബാത്ത്. വിവിധതരം സംഗീതോപകരണങ്ങളിൽ നിന്നുണ്ടാകുന്ന ശബ്ദങ്ങളിൽ മുഴുകിയിരിക്കുന്ന പ്രക്രിയയാണിത്. പുരാതന കാലം മുതലേ ഇത് അനുവർത്തിച്ചുവരുന്നു. പൊതുവെ സുരക്ഷിതമാണ് സൗണ്ട് ബാത്ത് പ്രക്രിയ.
മാനസികാരോഗ്യത്തിന് ഏറെ ഗുണകരമാണ് സൗണ്ട് ബാത്ത്. അടക്കിപ്പിടിച്ച വികാരങ്ങളെ പുറത്തേക്ക് വിട്ട് ആശ്വാസം കണ്ടെത്താൻ ഇത് സഹായിക്കും. സൗണ്ട് ബാത്തിന് വിധേയരാകുമ്പോൾ ശരീരത്തിനും മനസിനും ആശ്വാസം ലഭിക്കുകയും മനസിന്റെ ഭാരം കുറഞ്ഞതുപോലെ അനുഭവപ്പെടുകയും ചെയ്യും.
15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സൗണ്ട് ബാത്താകാം. ബെഡ്ഡിൽ കിടന്നുകൊണ്ട് ഇത് ചെയ്യാവുന്നതാണ്. സൗണ്ട് ബാത്തിന് ശേഷം വളരെ സാവധാനം മാത്രമേ എഴുന്നേൽക്കാൻ പാടുള്ളൂ. സൗണ്ട് ബാത്ത് പ്രൊഫഷണലുകളെ സമീപിക്കുന്നതാണ് നല്ലത്. സൗണ്ട് ഹീലിംഗ് പ്രാക്ടീഷണറായി പ്രവർത്തിക്കുന്നവർ സൗണ്ട് ബാത്തിൽ വൈദഗ്ധ്യം നേടിയവരായിരിക്കും. ഉപഭോക്താക്കൾക്ക് അനുയോജ്യമായ വാദ്യോപകരണങ്ങളും അവരുടെ പക്കലുണ്ടാകും. നമുക്ക് ആവശ്യമായ രീതിയിൽ അവ വായിച്ചുകേൾപ്പിക്കുകയും ചെയ്യും.
എന്നിരുന്നാലും മീസോഫോണിയ പോലുള്ള അവസ്ഥകൾ അഭിമുഖീകരിക്കുന്നവർ സൗണ്ട് ബാത്ത് പരീക്ഷിക്കരുത്. ശബ്ദത്തോട് സെൻസിറ്റീവായി പ്രതികരിക്കുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കും.















