ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മെട്രോസ്‌റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച് പൊലീസ്. കരോൾ ബാഗ്, ഝണ്ഡേവാലൻ മെട്രോ സ്‌റ്റേഷനുകളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പ്രവർത്തകരാണ് ചുവരെഴുത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇന്ന് രാവിലെ മെട്രോ സ്‌റ്റേഷനുകളിൽ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ് ഖലിസ്ഥാൻ അനുകൂല വാക്യങ്ങൾ ചുവരിൽ എഴുതിയിരിക്കുന്നത് കണ്ടത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. രാത്രിയായതിനാൽ മെട്രോസ്‌റ്റേഷനിൽ ജീവനക്കാർ കുറവായിരുന്നുവെന്നും മുദ്രാവാക്യങ്ങൾ ഈ സമയത്തായിരിക്കും എഴുതിയിരിക്കുകയെന്നും മെട്രോസ്റ്റേഷനിലെ ജീവനക്കാർ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലും സമാനമായ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഡൽഹിയിലെ മെട്രോ സ്‌റ്റേഷനുകളിൽ പതിപ്പിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടത്തി വരുന്നതിനിടെയാണ് വീണ്ടും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മെട്രോസ്‌റ്റേഷനുകളുടെ ചുവരുകളിൽ തെളിഞ്ഞത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സമാനമായ സംഭവത്തിൽ സിഖ് ഫോർ ജസ്റ്റിസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാഞ്ചാബിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലായത്.