തൃശൂർ: വ്യക്തിഗത ഗൂഗിൾപേ നമ്പറിലൂടെ വഴിപാടുപണം സ്വീകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി. സന്തോഷിനെയാണ് സസ്പെൻഡ് ചെയ്തത്. കുളശ്ശേരി ക്ഷേത്രത്തിലെ ബോർഡിൽ സ്വന്തം ഫോൺനമ്പർ എഴുതി പ്രദർശിപ്പിച്ചാണ് സന്തോഷ് തട്ടിപ്പു നടത്തിയത്.
വഴിപാടുപണം സ്വന്തം നമ്പറിലുള്ള ഗൂഗിൾ പേ വഴി സ്വീകരിച്ചുവെന്ന് ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ഭക്തരിൽ നിന്നും വഴിപാടായി സ്വീകരിച്ച പണം ദേവസ്വം ബോർഡിലേക്ക് അടച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
2023 ഒക്ടോബർ മാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വത്തിന് പരാതി ലഭിക്കുന്നത്. എന്നാൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കുന്നത് 2024 ഫെബ്രുവരിയിലായിരുന്നു. പരാതി ലഭിക്കുന്നതിന് മുൻപേ ഊരകം ദേവസ്വം ഓഫീസർ സ്ഥാനത്തേക്ക് സന്തോഷിനെ മാറ്റിയെന്നാണ് വിവരം.