വടകര സിപിഎം സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജയെ വിമർശിച്ച ആർ.എം.പി നേതാവിന്റെ വീടിന് നേരെ ആക്രമണം. മലപ്പുറം ഒലിപ്രം കടവിലെ കെ.എസ് ഹരിഹരന്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ പേരിലായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. ആദ്യം ബോംബ് സ്ഫോടനമാണെന്ന് കരുതിയെങ്കിലും പിന്നീട് പടക്കം പോലുള്ള വസ്തുവാണ് എറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. ഗേറ്റിൽ തട്ടിയാണ് ഇത് പൊട്ടിയത്. ബൈക്കിൽ ചിലർ വീടിന് സമീപത്തുകൂടി കറങ്ങുന്നത് കണ്ടതായി ഹരിഹരൻ പൊലീസിന് മൊഴി നൽകി.
ശനിയാഴ്ച വടകരയിൽ നടന്ന യുഡിഎഫ് പരിപാടിയിലാണ് സിപിഎം നേതാവ് കെ.കെ ശൈലജയെ ഹരിഹരൻ വിമർശിച്ചത്. ഇത് വിവാദമായതോടെ ഇയാൾ ക്ഷമാപണം നടത്തിയിരുന്നു. ഇതിനിടെ സിപിഎം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് വീടിന് നേരെയുള്ള ആക്രമണം. ഷാഫി പറമ്പിലും കെകെ രമയും ഹരിഹരനെ തള്ളിയിരുന്നു.