പട്‌ന: സ്ത്രീ ശാക്തീകരണമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സ്ത്രീകളെ മുൻനിരയിലെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പട്‌നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം റോഡ്‌ഷോയിൽ പങ്കെടുക്കുന്നതിനിടെ വനിതാ വോട്ടർമാരുടെ പിന്തുണ ബിജെപിക്ക് ലഭിക്കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” രാജ്യത്തെ താങ്ങി നിർത്തുന്നതിൽ മുൻപന്തിയിലുള്ളവരാണ് സ്ത്രീകൾ. അവരെ മുൻനിരയിലേക്കെത്തിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നു. സ്ത്രീകൾക്ക് അവസരങ്ങൾ നൽകിയാൽ മാത്രമേ അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളൂ. പരമ്പരാഗതമായി അവർ നേരിടുന്ന, അല്ലെങ്കിൽ പിന്തുടരുന്ന പദവികളും വേഷങ്ങളുമുണ്ട്. അത്തരം അതിർ വരമ്പുകൾ പൊട്ടിച്ചെറിഞ്ഞ് നാരീശക്തികൾ മുന്നോട്ടു വരണം. അതിനായി ഞങ്ങൾ ‘ ഡ്രോൺ ദീദി’ എന്ന പേരിൽ പുതിയ സംരംഭം സ്ത്രീകൾക്കായി ഗ്രാമങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ മുന്നിൽ ഇന്ത്യൻ ആർമിയുടെ വാതിലുകൾ ഇന്ന് തുറക്കപ്പെട്ടിരിക്കുന്നു. എയർഫോഴ്‌സിൽ പൈലറ്റുമാരായും നിങ്ങൾക്ക് സ്ത്രീകളെ ഇന്ന് കാണാൻ സാധിക്കും. ഞങ്ങൾ അവരെ അതിർത്തികളിലേക്ക് ധൈര്യത്തോടെ പറഞ്ഞയച്ചു. ഇന്ന് നമ്മുടെ പെൺമക്കൾ രാജ്യത്തിനായി സധൈര്യം പോരാടുന്നു. സ്ത്രീകൾ രാജ്യത്തിന്റെ വികസന യാത്രയെ വേഗത്തിലാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് നിരവധി അവസരങ്ങൾ നൽകുന്ന ബിജെപിയെയല്ലാതെ മറ്റാരെയാണ് അവർ പിന്തുണയ്‌ക്കുകയെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പിന്തിരിപ്പൻ ചിന്താഗതികൾക്കാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ മാറ്റം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















