ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. തുടർച്ചയായ അഞ്ചാം വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച്, പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ബെംഗളൂരു ഉയർത്തിയ 188 വിജയലക്ഷ്യം തേടിയിറങ്ങിയ ഡൽഹിയെ ആക്രമിച്ചാണ് ആർ.ബി.ബി വീഴ്‌ത്തിയത്. ഒരു ടീമെന്ന നിലയിൽ ആർ.സി.ബി കാഴ്ചവച്ച മികച്ച പ്രകടനമായിരുന്നു ഇന്നത്തേത്.
അഞ്ചു പന്ത് ബാക്കി നിൽക്കെ 140 റൺസിന് ഡൽഹിയെ പുറത്താക്കുകയായിരുന്നു. 39 പന്തിൽ 57 റൺസെടുത്ത താത്കാലിക നായകൻ അക്സർ പട്ടേൽ മാത്രമാണ് ഡൽഹി നിരയിൽ അല്പമെങ്കിലും പാെരുതിയത്. യഷ് ദയാൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ലോക്കി ഫെർഗൂസൺ രണ്ടും സ്വപ്നിൽ സിംഗ്, മുഹമ്മദ് സിറാജ്, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഡേവിഡ് വാർണറിന്റെ വിക്കറ്റോടെയാണ് ഡൽഹിയുടെ ഇന്നിംഗ്സ് തുടങ്ങിയത്. 1 റൺസായിരുന്നു ഓസ്ട്രേലിയന്റെ സമ്പാദ്യം. വമ്പനടിക്കാരൻ ജേക് ഫ്രേസർ റണ്ണൗട്ടായതും മത്സരത്തിൽ വഴിത്തിരിവായി. 8 പന്തിൽ 21 റൺസെടുത്ത് നിൽക്കെയായിരുന്നു പുറത്താകൽ. താെട്ടുപിന്നാലെ അഭിഷേ പോറലു(2) വീണതോടെ ഡൽഹി വിറച്ചു. ഇതോട ആർ.സി.ബി ആക്രമണം കടുപ്പിച്ചു.
ഷായ് ഹോപിനും (29 ) സ്കോർ ഉയർത്താനായില്ല. ട്രിസ്റ്റൺ സ്റ്റബ്സ്(3) കാമറൂൺ ഗ്രീനിന്റെ നേരിട്ടുള്ള ഏറിൽ പുറത്തായതോടെ ഡൽഹി തകർന്നു. പിന്നെ എല്ലാം ഒരു ചടങ്ങു മാത്രമായിരുന്നു. കുൽദീപ്(6), മുകേഷ് കുമാർ(3), റാസിഖ് സലാം(10) എന്നിവരാണ് പുറത്തായ ബാറ്റർമാർ.