ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഏവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം ശക്തിപ്പെടുത്താൻ ജനങ്ങൾ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ജമ്മു കശ്മീരിലെ വോട്ടർമാർ പോളിംഗ് ബൂത്തുകളിൽ എത്തണമെന്നും റെക്കോർഡ് സംഖ്യയിൽ വോട്ട് രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭ്യർത്ഥിച്ചു.
” ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ യുവ വോട്ടർമാർ ഉൾപ്പെടെയുള്ള എല്ലാവരും വോട്ട് രേഖപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. സ്ത്രീ വോട്ടർമാരും ഈ കുതിപ്പിന് ശക്തി പകരും. എല്ലാവരും വോട്ട് രേഖപ്പെടുത്തി കടമ നിർവഹിക്കൂ, ഇതുവഴി നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താം” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ രാജ്യത്തിന്റെ പൈതൃകത്തെ ബഹുമാനിക്കുന്ന ഒരു സർക്കാർ രൂപീകരിക്കാൻ റെക്കോർഡ് സംഖ്യയിൽ വോട്ട് രേഖപ്പെടുത്തണമെന്നും, ഏവരും പോളിംഗ് ബൂത്തുകളിൽ എത്തിച്ചേരണമെന്നുമാണ് അമിത് ഷാ കുറിച്ചത്. പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനാണ് ഈ സർക്കാർ മുൻഗണന കൊടുക്കുന്നത്. വികസിത ഇന്ത്യയിലേക്കുള്ള യാത്രയാണിത്. ജനങ്ങളുടെ ഓരോ വോട്ടുകളും സുസ്ഥിരവും ശക്തവുമായ ഒരു സർക്കാരിന്റെ ശക്തിയായി പ്രവർത്തിക്കുമെന്നും അമിത് ഷാ കുറിച്ചു.
96 മണ്ഡലങ്ങളിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. 1717 സ്ഥാനാർത്ഥികളാണ് ഇക്കുറി ജനവിധി തേടുന്നത്. ബഹരംപൂർ, ഹൈദരാബാദ്, കൃഷ്ണനഗർ, ബെഗുസാരായി, മുൻഗർ, ശ്രീനഗർ, അസൻസോൾ, കനൗജ്, കടപ്പ, ഖുന്തി എന്നിവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ചില പ്രമുഖ ലോക്സഭാ മണ്ഡലങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം വരെ 283 ലോക്സഭാ സീറ്റുകളിലേക്കുള്ള പോളിംഗ് ആണ് പൂർത്തിയായത്.















