ഇംഫാൽ: മണിപ്പൂരിൽ കടന്നുകയറിയ അനധികൃത കുടിയേറ്റക്കാരെ തിരികെ അയക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മ്യാന്മറിൽ നിന്നും മണിപ്പൂരിലെ കംജോങ് ജില്ലയിലേക്ക് അനധികൃതമായി കുടിയേറിയ 5 ,800 ഓളം പേരെയാണ് തിരികെ അയക്കുന്നത്. വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മ്യാൻമറിലെ രൂക്ഷമായ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് ആളുകളാണ് കംജോങ് ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ കുടിയേറി പാർത്തിരിക്കുന്നത്. മ്യാൻമറിലെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതനുസരിച്ച് ഇവരെ തിരികെ അയക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അനധികൃത കുടിയേറ്റം കാരണം 996 പുതിയ ഗ്രാമങ്ങൾ സംസ്ഥാനത്ത് രൂപപ്പെട്ടതായി കണക്കുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.ഗ്രാമങ്ങളിലെ പ്രാദേശിക സമിതികളാണ് ഈ ക്യാമ്പുകളുടെ താമസവും പരിപാലനവും കൂടുതലായും കൈകാര്യം ചെയ്യുന്നത്. ജില്ലാ ഭരണകൂടം ക്യാമ്പുകളിലേക്ക് അവശ്യ വസ്തുക്കൾ എത്തിച്ച് നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടിയേറ്റക്കാർക്ക് അഡ്മിനിസ്ട്രേഷൻ തിരിച്ചറിയൽ കാർഡുകൾ നൽകാറുണ്ടെന്നും എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും ഇവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക്സ് രേഖപ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിലെ തദ്ദേശീയ സമൂഹങ്ങളുടെ സംരക്ഷണത്തിനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.















