കൊച്ചി: പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് മൂവാറ്റുപുഴ നിർമല കോളേജ് പുറത്തിറക്കിയ പരസ്യ വീഡിയോ വിവാദത്തിൽ. കോളേജ് ലൈബ്രറിയിൽ വച്ച് കണ്ടുമുട്ടുന്ന രണ്ട് വിദ്യാർത്ഥികളെ ചുറ്റിപ്പറ്റിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സ്വകാര്യ ഏജൻസിയാണ് വീഡിയോ നിർമിച്ചത്. ഇതാണ് പുതിയ വിവാദങ്ങളിലേക്ക് വഴിവച്ചിരിക്കുന്നത്.
ഏഴ് പതിറ്റാണ്ടായി കോളേജ് ഉയർത്തിപ്പിടിച്ച സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങൾക്കെതിരെയാണ് വീഡിയോ എന്ന് പ്രിൻസിപ്പൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം കൈകാര്യം ചെയ്തിരുന്ന ഏജൻസി പുറത്തുവിട്ടതാണ് വീഡിയോ എന്നും കോളേജിന്റെ അറിവോട് കൂടിയല്ല ഇതെന്നും കുറിപ്പിൽ പറയുന്നു.
നിറക്കൂട്ട് എന്ന ചിത്രത്തിലെ ‘പൂമാനമേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരമായരുന്നു വീഡിയോ. കോളേജ് ലൈബ്രറിയിലെ പ്രണയമാണ് ഇതിവൃത്തം. ലൈബ്രറിയിൽ ഇരുന്ന് മുട്ടത്ത് വർക്കിയുടെ ഇണപ്രാവുകൾ വായിക്കുന്ന വിദ്യാർത്ഥിനി. അവിടെ എത്തുന്ന വിദ്യാർത്ഥി അവളിൽ ആകൃഷ്ടയാകുന്നു. ലൈബ്രറിയിലെ പുസ്തക ഷെൽഫുകൾക്കിടയിൽ വെച്ച് ഇരുവരും മുഖത്തോടുമുഖം നോക്കുന്നതും അടുപ്പത്തിലാകുന്നതും പിന്നീട് കൈപിടിച്ച് ലൈബ്രറിയിലൂടെ നടന്ന് നീങ്ങുന്നതുമാണ് വീഡിയോ. ഒടുവിൽ ഇതെല്ലാം ലൈബ്രറിയിൽവെച്ച് വിദ്യാർത്ഥി കണ്ട പകൽ കിനാവ് എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘വായന മനസ് തുറക്കുമെന്നും സങ്കൽപങ്ങളെ ആളിക്കത്തിക്കുമെന്നും’ എഴുതി കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
സംഭവത്തിൽ കോതമംഗലം രൂപതയുടെ കോർപറേറ്റ് മാനേജ്മെൻറ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോളജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന ലൈബ്രറി നിർമല കോളേജിന്റേതല്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.















