എറണാകുളം: മൂവാറ്റുപുഴയിൽ 8 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ചത്തതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തിയതോടെയാണ് നായയ്‌ക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. 12 വയസുകാരനുൾപ്പെടെ എട്ടുപേരെയായിരുന്നു നായ കടിച്ചത്. എന്നാൽ ഇത് തെരുവുനായ അല്ലെന്നും വളർത്തു നായയാണെന്നും കണ്ടെത്തിയിരുന്നു. കടിയേറ്റവർക്ക് വാക്‌സിനേഷൻ നൽകിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കാനും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു കടവുംപാടം, ആസാദ് റോഡ്, തൃക്ക, പുളിഞ്ചുവട് എന്നീ ഭാഗങ്ങളിൽ നായയുടെ ആക്രമണമുണ്ടായത്. കടവുംപാടം സ്വദേശി ഫാത്തിമ (14), ഫയസ് (12) എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്. പിന്നാലെ റോഡിലൂടെ പോയ രേവതി, അഞ്ജന, ജയകുമാർ എന്നിവരെയും നായ ആക്രമിച്ചു. പുളിഞ്ചുവടിൽ 12 വയസുകാരി നിഹയെയും ഇതര സംസ്ഥാന തൊഴിലാളിയായ അബ്ദുൾ അലിയെയും നായ കടിച്ചിരുന്നു. മനുഷ്യർക്ക് പുറമെ വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചു.
നായയ്‌ക്ക് പേവിഷബാധയുണ്ടോയെന്ന സംശയത്തെ തുടർന്ന് ഇതിനെ പിടികൂടി നഗരസഭയുടെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ നായ ചത്തു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.