തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ നിരണത്തെ പക്ഷിപ്പനി ബാധയിൽ നടപടി. പക്ഷിപ്പനി സ്ഥിരീകരിച്ച നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലെ മുഴുവൻ താറാവുകളെയും കൊന്നൊടുക്കും.
പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ വളർത്തു പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനം. നാളെ കൊന്നൊടുക്കൽ നടപടികൾ ഉണ്ടാകും. ആരോഗ്യവകുപ്പ് ജില്ലയിൽ പക്ഷിപ്പനി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
മെയ് 7 നാണ് നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലെ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. വെള്ളിയാഴ്ച ഇവയുടെ സാമ്പിൾ പരിശോധനയ്‌ക്കയച്ചിരുന്നു. പരിശോധനാഫലത്തിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.















