തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ ധനുഷ്. നടികർ സംഘത്തിന്റെ പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി വ്യക്തിഗത സംഭാവനയായാണ് പണം നൽകിയത്. സംഘടനാ പ്രസിഡന്റ് നാസർ, ഖജാൻജി കാർത്തി എന്നിവർ ചേർന്ന് ധനുഷിൽ നിന്ന് സംഭാവന ഏറ്റുവാങ്ങി.
ധനുഷിന്റെ സംഭാവനയ്‌ക്ക് നടികർ സംഘം നന്ദി അറിയിച്ചു. പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി നടൻമാരായ വിജയ്, കമൽഹാസൻ എന്നിവരും ഒരു കോടി രൂപ വീതം സംഭാവന നൽകിയിരുന്നു.
10 വർഷമായി നടികർ സംഘടനയിൽ ഉയർന്നിരുന്ന ആവശ്യമായിരുന്നു സ്വന്തമായി ഒരു ഓഫീസ് കെട്ടിടം. ഈ ആവശ്യം നിറവേറ്റും എന്ന് പറഞ്ഞാണ് പുതിയ ഭാരവാഹികൾ അധികാരമേറ്റത്. തുടർന്ന് ഏഴ് വർഷം മുമ്പ് ടി നകറിൽ പുതിയ ഓഫീസിന്റെ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ കൊറോണ കാലത്ത് നിർമാണ പ്രവർത്തനങ്ങൾ നിന്നുപോവുകയായിരുന്നു.