ചെന്നൈ: തമിഴ് നാട് ബി ജെപി അധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷന് അനുമതി നൽകിയിട്ടില്ലെന്ന് ഗവർണർ രവീന്ദ്ര നാരായൺ രവി വ്യക്തമാക്കി.
“ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ പ്രോസിക്യൂട്ട് ചെയ്യാൻ ബഹുമാനപ്പെട്ട തമിഴ്‌നാട് ഗവർണർ അനുമതി നൽകിയതായി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയെക്കുറിച്ച് കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടിലെ രാജ്ഭവന് പൊതുജനങ്ങളിൽ നിന്ന് ആശങ്കാജനകമായ അന്വേഷണങ്ങളാണ് ലഭിക്കുന്നത്. അണ്ണാമലൈയ്‌ക്കെതിരെയുള്ള ക്രിമിനൽ കേസിന്റെ വിവരങ്ങളൊന്നും തമിഴ്‌നാട് ഗവർണർ ഹൗസിന് അറിയില്ല. കൂടാതെ, അക്കാര്യത്തിൽ ഒരു അനുമതിയും നൽകിയിട്ടില്ല.” രാജ് ഭവൻ പത്രക്കുറിപ്പിൽ പറയുന്നു.
മുത്തുരാമലിംഗ തേവരെയും സി എൻ അണ്ണാദുരൈയെയും ബന്ധപ്പെടുത്തി തെറ്റായ അഭിപ്രായങ്ങൾ പറഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സേലം സ്വദേശി വി പിയൂഷ് അണ്ണാമലൈയ്‌ക്കെതിരെ പരാതി നൽകിയിരുന്നു. രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കുന്നത് തടയുന്ന വകുപ്പ് പ്രകാരം കേസെടുക്കേണ്ടതിനാൽ സർക്കാരിന്റെ അനുമതി വാങ്ങണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് യുവരാജ് ഉത്തരവിട്ടു. തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ഇപ്പോഴത്തെ ബിജെപി സംസ്ഥാന പ്രസിഡന്റുമായ അണ്ണാമലൈയ്‌ക്കെതിരെ കേസെടുക്കാൻ സേലം ജില്ലാ കലക്ടർ തമിഴ്‌നാട് ഗവർണറോട് അനുമതി തേടിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ആർഎൻ രവി അനുമതി നൽകിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ഇന്നലെ മുതൽ ഈ വ്യാജവാർത്തക്ക് വൻ പ്രചാരണമാണ് തമിഴ് മാദ്ധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ രാജ്ഭവൻ ഇറക്കിയ പത്രക്കുറിപ്പോടെ ഈ വിഷയത്തിൽ വ്യക്തത വന്നിരിക്കുകയാണ്.
സനാതന ധർമ്മത്തെ നശിപ്പിക്കുമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രകോപനപരമായ പ്രസംഗത്തെ തുടർന്ന് ,അതിനെ അനുകൂലിച്ച് ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച തമിഴ്‌നാട് ഹിന്ദുമത- ചാരിറ്റബിൾ എൻഡോവ്മെന്റ് മന്ത്രി പി.കെ ശേഖർ ബാബു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 2023 സെപ്റ്റംബർ 11ന് ബിജെപിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ പ്രകടനം നടന്നിരുന്നു. ആ സമ്മേളനത്തിൽ വെച്ച് കെ അണ്ണാമലൈ നടത്തിയ പരാമര്ശമാണ് ഇപ്പോഴത്തെ വ്യാജപ്രചാരണത്തിന് കാരണമായത്.
1956-ൽ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നടന്ന തമിഴ് സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി അണ്ണാദുരൈ ഹിന്ദു വിശ്വാസത്തെ പരിഹസിച്ച സംഭവമാണ് കെ അണ്ണാമലൈ വിവാദ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചത്. ഇതിൽ സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമലിംഗ തേവർ രോഷാകുലനായി പ്രതികരിച്ചു. “അണ്ണാദുരൈയെ പോലുള്ള അവിശ്വാസികൾ ഹിന്ദു ദൈവങ്ങളെക്കുറിച്ച് മോശമായി പറഞ്ഞാൽ മധുരൈ മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ പാൽ അഭിഷേകത്തിന് പകരം രക്താഭിഷേകം നടത്തുമെന്ന” മുത്തുരാമലിംഗ തേവരുടെ പ്രസ്താവന അദ്ദേഹം എടുത്ത് പറഞ്ഞിരുന്നു.