പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. സുശീർകുമാർ മോദി രാജ്യത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് ഇരുവരും എക്‌സിൽ കുറിച്ചു.
” ബിഹാറിലെ ബിജെപിയുടെ ഉയർച്ചയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ സുശീൽ കുമാർ മോദി നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥയെ ശക്തമായി എതിർത്ത വ്യക്തിയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിരുന്നു. വളരെ കഠിനാധ്വാനിയായ എംഎൽഎ എന്ന നിലയിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഉപമുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം പ്രശംസനീയമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവച്ചു. ജിഎസ്ടി പാസാക്കുന്നതിൽ അദ്ദേഹത്തിന്റെ സജീവമായ പങ്ക് എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു.”- പ്രധാനമന്ത്രി കുറിച്ചു.
സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിദ്യാർത്ഥി രാഷ്‌ട്രീയത്തിനായും ബിജെപിയുടെ ഉയർച്ചയ്‌ക്കായും സുശീൽകുമാർ മോദിയുടെ വിപുലമായ സംഭാവനകളെ കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു.
” ഞങ്ങളുടെ മുതിർന്ന നേതാവ് സുശീൽകുമാർ മോദിജിയുടെ വിയോഗ വാർത്തയിൽ ഞാൻ അതീവ ദുഃഖിതനാണ്. മുതിർന്ന ബിജെപി നേതാവിനെയാണ് ബിഹാറിന് നഷ്ടമായിരിക്കുന്നത്. എബിവിപി മുതൽ ബിജെപി വരെ സുശീൽ ജി സംഘടനയിലും സർക്കാരിലുമായി നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ദരിദ്രരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടും അവരുടെ താത്പര്യങ്ങൾ നിറവേറ്റാനുമായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. സുശീൽ ജിയുടെ വിയോഗം ബിഹാർ രാഷ്‌ട്രീയത്തിൽ നികത്താനാവാത്തതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു.”- അമിത് ഷാ കുറിച്ചു.
സുശീൽകുമാർ മോദിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറും അനുശോചിച്ചു. സുശീൽ ജിയുടെ മരണം സംസ്ഥാനത്തിന് നികത്താനാവാത്ത തീരാനഷ്ടമാണെന്ന് നിതീഷ് കുമാർ പറഞ്ഞു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെയാണ് സുശീൽകുമാർ മോദി മരണപ്പെട്ടത്.















