ന്യൂഡൽഹി: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകളിൽ കൂടുതൽ നേടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിൽ ഒരു സീറ്റുപോലും നേടാൻ കോൺഗ്രസിനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ ഇത്തവണ 400 ൽ അധികം സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിന് ഒരു അടയാളം പോലും ഉണ്ടാക്കാൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു. റായ്‌ബറേലിയിലെ സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നതിന് മുൻപ് തന്നെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാടിൽ നിന്ന് ഓടിപ്പോയി. കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിച്ചുവെന്നും മോദി പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ജനങ്ങൾ വികസനം എന്താണെന്ന് തിരിച്ചറിഞ്ഞതായും അവർക്ക് കുടുംബാധിപത്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക പാർട്ടികൾ കോൺഗ്രസിനോട് അടുക്കുന്നുവെന്ന എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. കോൺഗ്രസിന് ഒറ്റയ്‌ക്ക് ബിജെപിയോട് മത്സരിക്കാനാവില്ലെന്നാണ് പവാറിന്റെ പരാമർശം വ്യക്തമാക്കുന്നതെന്ന് മോദി പറഞ്ഞു.















