രാജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യൻ. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിലെത്തുന്നത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേട്ടയ്യന്റെ പുതിയ അപ്ഡേറ്റാണ് അണിയറപ്രവർത്തകർ പങ്കുവക്കുന്നത്.
ചിത്രത്തിൽ രജനികാന്ത് അഭിനയിക്കുന്ന ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായെന്നാണ് പുറത്തുവരുന്ന വിവരം. പ്രൊഡക്ഷൻ ഹൗസായ ലൈക്ക പ്രൊഡക്ഷൻസാണ് അപ്ഡേറ്റ് പങ്കുവെച്ചത്. കാഴ്ചശക്തിയില്ലാത്ത വ്യക്തിയായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിന്റെ പ്രിയ താരങ്ങളായ മഞ്ജു വാര്യരും ഫഹദ് ഫാസിലും വേട്ടയ്യനിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബതി, ദുഷാര വിജയൻ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ഹൈദരാബാദിലും ആന്ധ്രാപ്രദേശിലെ കടപ്പയിലുമാണ് വേട്ടയ്യന്റെ അവസാനഘട്ട ചിത്രീകരണം നടന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന രജനികാന്ത് ചിത്രം കൂലിയും പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബോളിവുഡ് നടൻ രൺബീർ ചിത്രത്തിലെത്തുന്നുവെന്ന വിവരം അടുത്തിടെ അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു.