ധരംശാല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സുഖുവിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. തന്റെ സർക്കാർ കാലാവധി പൂർത്തിയാക്കി വീണ്ടും ഭരണത്തിൽ വരുമെന്ന ഹിമാചൽ മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് കേന്ദ്രമന്ത്രി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ചിലപ്പോൾ “സിനിമ വളരെമോശമാകുമ്പോൾ കാഴ്‌ചക്കാർ ഇടവേളയ്‌ക്കു മുൻപേ തന്നെ ഇറങ്ങിപോകും,” അനുരാഗ് ഠാക്കൂർ പറഞ്ഞു.
ധരംശാല നിയമസഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി സുധീർ ശർമ്മയുടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. സുഖ്‌വിന്ദർ സുഖുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലവിലെ ഭരണ കാലാവധി പൂർത്തിയാക്കുന്ന കാര്യം തന്നെ സംശയകരമാണ്. എന്നിട്ടല്ലേ അടുത്ത തവണയെക്കുറിച്ച് ചിന്തിക്കുന്നത് എന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ വാക്കുകൾ
ഫെബ്രുവരി 27 ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ആറ് കോൺഗ്രസ് വിമത സ്ഥാനാർത്ഥികളിൽ ഒരാളാണ് സുധീർ ശർമ്മ. ഇവർ പിന്നീട് അയോഗ്യരാക്കപ്പെടുകയും ബിജെപി യിൽ ചേരുകയുമായിരുന്നു. ഇവരെല്ലാം ബിജെപിക്ക് വേണ്ടി ഇത്തവണ നിയമസഭാ സീറ്റുകളിൽ നിന്നും മത്സരിക്കുന്നുമുണ്ട്.