ന്യൂഡൽഹി: വന്യമൃഗങ്ങളുടെ ചിത്രങ്ങൾ പകർത്തി തന്റെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്ന ആളാണ് ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ. അത്തരത്തിൽ സാമൂഹ്യ മാധ്യമമായ എക്‌സിൽ പർവീൺ പങ്കുവച്ച ഒരു പുള്ളിപുലിയുടെ ചിത്രമാണ് ഫോളോവേഴ്സിനിടയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
വിഷാദഭാവത്തിലിരിക്കുന്ന പുള്ളിപ്പുലിയാണ് ചിത്രത്തിൽ. “കാര്യം ഗൗരവമുള്ളതാണെന്ന് തോന്നുന്നു, അവൻ നമ്മളെ ഒന്ന് നോക്കുന്നു പോലുമില്ല, അഗാധമായ ചിന്തയിലാണ്” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരംകൊണ്ട് പുള്ളിപ്പുലിയുടെ മാനസികാവസ്ഥയെകുറിച്ചുള്ള ഊഹാപോഹങ്ങൾ കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞു. പുള്ളിപ്പുലി കഠിനമായ ഒരു ബ്രേക്കപ്പിലൂടെ കടന്നുപോവുകയാകാമെന്ന് ചിലർ. കമന്റ് ബോക്സിലെ മൃഗ മനഃശാസ്ത്രജ്ഞർക്കും കുറവുണ്ടായില്ല. കുടുംബ പ്രശ്നങ്ങളാകാം പുലിയുടെ വിഷാദത്തിനുപിന്നിലെന്ന് മറ്റുചിലർ. സ്വന്തം നിലനില്പിന്റെ വിഷയമാകാമെന്ന് ഒരു കൂട്ടർ. എന്തായാലും സോഷ്യൽമീഡിയയിലെ താരമായി മാറിയിരിക്കുയുകയാണ് പുള്ളിപ്പുലി.