ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ച് തനിക്ക് മോശം പെരുമാറ്റമുണ്ടായെന്ന ഡൽഹി മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒടുവിൽ കുറ്റ സമ്മതം നടത്തി എഎപി. സ്വാതി മാലിവൽ പോലീസിൽ പരാതിയുമായി പോയതിന് പിന്നാലെയെയാണ് കെജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി അതിക്രമം നടത്തിയെന്ന് എഎപി സമ്മതിച്ചത്. ഇത് കെജ്‌രിവാളിന്റെ ശ്രദ്ധയിൽപ്പെട്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു വിശദീകരണം.
പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സ്വാതി മാലിവൽ കഴിഞ്ഞ ദിവസം രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ പേർസണൽ സെക്രട്ടറി തന്നെ ഉപദ്രവിച്ചെന്ന പരാതിയുമായി സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ സ്വാതിയോ എഎപിയോ സംഭവത്തെക്കുറിച്ച് കൂടുതൽ പരാമർശങ്ങൾക്ക് മുതിർന്നിരുന്നില്ല. എന്നാൽ ഇന്ന് എഎപി എംപിയായ സഞ്ജയ് സിംഗ് സ്വാതിയുടെ ആരോപണങ്ങൾ ശരിയാണെന്ന് പറഞ്ഞിരുന്നു. സ്വാതി കെജ്‌രിവാളിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിൽ കാത്തുനിന്ന സമയത്താണ് ഇവരെ കെജ്‌രിവാളിന്റെ പേർസണൽ സെക്രട്ടറി ആക്രമിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതി മാലിവൽ രാവിലെ 9.34ന് പിസിആർ നമ്പറിൽ വിളിച്ച് ബിഭാവ് കുമാർ തന്നെ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. എന്നാൽ സ്വാതി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി നൽകാതെ മടങ്ങുകയായിരുന്നു. മുൻപും സമാന സംഭവങ്ങളുണ്ടായിരുന്നതായി ബിജെപി ചൂണ്ടിക്കാട്ടി. മുൻ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശും കെജ്‌രിവാളിന്റെ വസതിയിൽ ആക്രമണം നേരിട്ടെന്ന് വെളിപ്പെടുത്തിയിരുന്നു. കെജ്‌രിവാളിന്റെ വസതി ബോക്സിങ് റിങ് ആണെന്ന് ബിജെപി ആരോപിച്ചു.