ന്യൂഡൽഹി: മദ്യനയ കുംഭകോണക്കേസിൽ ആംആദ്മി പാർട്ടിയെ പ്രതി ചേർക്കാൻ തീരുമാനിച്ചതായി ഇഡി. കേസിൽ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് എഎപിയെ പ്രതി ചേർക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഇഡി കോടതിയിൽ വ്യക്തമാക്കിയത്.
മദ്യനയ കുംഭകോണ കേസിൽ വിചാരണ വൈകിപ്പിക്കാനായി പ്രതികൾ ശ്രമിക്കുന്നുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. തുടർന്ന് സിസോദിയയുടെ ജാമ്യാപേക്ഷ ഇഡി എതിർക്കുകയും ചെയ്തു. കേസിൽ ഇതുവരെ ഏഴ് കുറ്റപത്രങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്. മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ മാസം ബിആർഎസ് നേതാവ് കെ കവിതയെയും പ്രതി ചേർത്തിരുന്നു. കേസിൽ അരവിന്ദ് കെജരിവാൾ ഉൾപ്പെടെ 18 പേരാണ് ഇതുവരെ അറസ്റ്റിലായത്.
ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാൻ കെജ് രിവാളിന് കോടതി അടുത്തിടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി എന്ന നിലയിൽ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കരുതെന്ന നിർദ്ദേശത്തോടെ ആയിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്. ജയിലിലിരുന്നും കെജ്‌രിവാൾ ഡൽഹി ഭരിക്കാൻ ശ്രമിച്ചത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങി ഭരണകാര്യങ്ങളിൽ ഇടപെടരുതെന്ന നിബന്ധന ആം ആദ്മി പാർട്ടിക്കും കെജ് രിവാളിനും തിരിച്ചടിയാകുകയും ചെയ്തു.
2021-22 കാലത്ത് സർക്കാരിന്റെ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ആംആദ്മി നേതാക്കൾക്കെതിരെ കേസെടുത്തത്. തുടർന്ന് ഇഡി അന്വേഷണത്തിനും ചോദ്യം ചെയ്യലിനും പിന്നാലെ ഓരോരുത്തരായി അറസ്റ്റിലാവുകയായിരുന്നു. അഴിമതിപ്പണം ഗോവയിൽ ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉൾപ്പെടെ വിനിയോഗിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.