വിഷു റിലീസായി തിയേറ്ററുകളിലെത്തിയ ഫഹദ് ഫാസിൽ ചിത്രമാണ് ആവേശം. പേര് പോലെ തന്നെ യുവസമൂഹത്തിനിടയിൽ ആവേശം വാരി വിതറാൻ ചിത്രത്തിന് കഴിഞ്ഞു. അതേ ദിവസം ഇറങ്ങിയ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ആവേശം കുതിക്കുന്നത്. ഒടിടിയിലെത്തിയിട്ടും തിയേറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. പ്രായഭേദമന്യേ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ജിത്തു മാധവൻ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. ഇതിനൊപ്പം തിയേറ്ററിലും പ്രദർശനം തുടരുന്നുണ്ട്. ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടും അണിയറപ്രവർത്തകർ പങ്കുവക്കുന്നുണ്ട്. 154. 5 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. തിയേറ്ററിലെത്തി 32 ദിവസത്തെ കളക്ഷൻ റിപ്പോർട്ടാണിത്. കേരളത്തിൽ മാത്രം 76 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
റാഗിങ്ങിൽ നിന്ന് രക്ഷപ്പെടുന്നതിനും സീനിയേഴ്സിനോട് പകവീട്ടുന്നതിനും ഒരു കൂട്ടം വിദ്യാർത്ഥികൾ ഒരു ലോക്കൽ ഗുണ്ടയുമായി സൗഹൃദം സ്ഥാപിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. മുഴുനീള കോമഡി എന്റർടെയിൻമെന്റ് ചിത്രമാണിത്. രോമാഞ്ചത്തിന് ശേഷം ജിത്തുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് ഫഹദ് പ്രത്യേക്ഷപ്പെടുന്നത്.















