ശ്രീനഗർ: അഖ്നൂരിനെയും പൂഞ്ചിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 144 എയുടെ നിർമാണത്തിൽ പ്രധാനമായ സുംഗൂൽ ടണലിന്റെ നിർമാണത്തിൽ നിർണായക പുരോഗതി. 2.79 കിലോമീറ്റർ (2790 മീറ്റർ) വരുന്ന ടണൽ, കൂറ്റൻ പാറക്കല്ല് തുരന്നാണ് നിർമിക്കുന്നത്. ഈ പ്രക്രിയയാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പൂർത്തിയാക്കിയത്.
ദക്ഷിണ കശ്മീരിനെയും ജമ്മു മേഖലയെയും പടിഞ്ഞാറൻ ജമ്മു കശ്മീരുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയാണിത്. കശ്മീരിലെ ഗതാഗതത്തിൽ സമയനഷ്ടം കുറയ്ക്കാനും ചരക്കുഗതാഗതത്തിനും പുതിയ പാത ഏറെ ഗുണം ചെയ്യുമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. ഭാരത് മാതാ കീ ജയ് വിളികളോടെയാണ് സൈനികരും ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ജീവനക്കാരും ഈ സന്തോഷം ആഘോഷിച്ചത്. ബോർഡർ റോഡ്സ് ഡയറക്ടർ ജനറൽ രഘു ശ്രീനിവാസനും ചടങ്ങിൽ പങ്കെടുത്തു.
അഖ്നൂർ, പൂഞ്ച്, രജൗരി തുടങ്ങിയ അതിർത്തി ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. നാല് വലിയ തുരങ്കങ്ങളാണ് ഈ പാതയിൽ ഉളളത്. കാണ്ഡി ടണൽ, നൗഷേര ടണൽ, ഭീംബർ ഗാലി ടണൽ എന്നിവയാണ് ബാക്കി മൂന്ന് ടണലുകൾ. കഴിഞ്ഞ ജനുവരിയാണ് നൗഷേര ടണലിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായത്. 2026 ഓടെ പദ്ധതി യാഥാർത്ഥ്യമാകുമെന്നും അധികൃതർ അറിയിച്ചു.