ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചില വിദേശ മാദ്ധ്യമങ്ങൾ നൽകുന്ന നെഗറ്റീവ് കവറേജിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ കോടതിയിൽ പോകുന്ന ചില രാജ്യങ്ങളാണ് ഇന്ത്യയിൽ വോട്ടെടുപ്പ് നടക്കേണ്ടത് എങ്ങനെയാണെന്ന് തങ്ങളെ പഠിപ്പിക്കാൻ വരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പതിറ്റാണ്ടുകളായി അവർ മറ്റുള്ളവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ ആ പഴയ ശീലങ്ങൾ അവർക്ക് ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
‘വൈ ഭാരത് മാറ്റേഴ്‌സ്’ എന്ന തന്റെ പുസ്തകത്തിന്റെ ബംഗ്ലാ പതിപ്പിന്റെ കൊൽക്കത്തയിൽ നടന്ന പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ വലിയ തോതിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം ഇവരിൽ പലരും കഴിഞ്ഞ 70-80 വർഷമായി ഈ ലോകത്തെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ പഴയ ശീലങ്ങളൊന്നും അത്ര പെട്ടന്ന് അവർക്ക് ഉപേക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
രാജ്യത്തെ വോട്ടർമാർക്കില്ലാത്ത അസ്വസ്ഥതയാണ് ചില വിദേശ മാദ്ധ്യമങ്ങൾ പ്രകടിപ്പിക്കുന്നത്. അവരുടെ കാഴ്‌ച്ചപ്പാടുകളോട് പൊരുത്തപ്പെടാത്ത ഇന്ത്യയെ അവർ മോശമായി കാണുന്നു. രാജ്യത്തെ ജനങ്ങൾ അവരുടെ രീതികൾക്കനുസരിച്ച് മുന്നോട്ട് പോകുമ്പോൾ അവർ അസ്വസ്ഥരാകുന്നു. എന്നാൽ ചില സമയങ്ങളിൽ ഇതേ ആളുകൾ തന്നെ സ്ഥാനാർത്ഥികളേയും രാഷ്‌ട്രീയ പാർട്ടികളേയുമെല്ലാം പരസ്യമായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ കുറേയധികം വർഷങ്ങളായി മറ്റുള്ളവർക്ക് മേൽ ആധിപത്യം പുലർത്താനാണ് ഇവർ ശ്രമിക്കുന്നത്. സ്വന്തം തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ കോടതിയിൽ പോകുന്ന ചില രാജ്യങ്ങളാണ് നമ്മൾ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പഠിപ്പിക്കാൻ വരുന്നത്. കടുത്ത ചൂടിനെ പോലും അവഗണിച്ചാണ് വോട്ടർമാർ ഇവിടെ വോട്ട് ചെയ്യാനായി എത്തുന്നതെന്നും” ജയശങ്കർ കൂട്ടിച്ചേർത്തു.















