ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മാറുന്ന ഇന്ത്യയ്‌ക്ക് ശക്തി പകരാൻ അമേഠി സ്ഥാനാർത്ഥി സ്മൃതി ഇറാനിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേഠിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഇന്ത്യയെ ശക്തിപ്പെടുത്താൻ സ്മൃതി ഇറാനി എന്ന ശക്തയായ നേതാവിനെ ആവശ്യമാണ്. കോൺഗ്രസ് കുത്തകയാക്കി വച്ചിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധിയെ നിഷ്പ്രയാസമായിരുന്നു 2019 ലെ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി തോൽപ്പിച്ചത്. സ്മൃതി ഇറാനിയുടെ ശ്രമഫലമായി വലിയ മാറ്റങ്ങളാണ് അമേഠിയിൽ ഉണ്ടായിരിക്കുന്നത്. അമേഠിയുടെ മാറ്റങ്ങൾ കാണുമ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ട്.’
’10 വർഷം മുൻപ് അമേഠിയുടെ അവസ്ഥ വളരെ മോശമായിരുന്നു. വൃത്തിയുള്ള റോഡുകൾ പോലും ഇവിടെ ഉണ്ടായിരുന്നില്ല. റോഡിൽ കുഴികളാണോ അതോ കുഴികളിലാണോ റോഡ് എന്ന് കണ്ടുപിടിക്കാൻ അന്ന് വല്ലാതെ പാടുപെട്ടിരുന്നു. ഇന്ന് എല്ലാ ഗ്രാമങ്ങളിലും വൃത്തിയുള്ള റോഡുകളുണ്ട്. ഇതെല്ലാം പ്രധാനമന്ത്രിയുടെ സംഭാവനകളാണ്. ഒപ്പം ഇതിന് പിന്നിൽ സ്മൃതി ഇറാനിയെന്ന ശക്തയായ നേതാവിന്റെ ശ്രമങ്ങളുമുണ്ട്. ജൽ ജീവൻ മിഷന് കീഴിൽ 11 കോടി ജനങ്ങൾക്ക് പൈപ്പ് ജല കണക്ഷൻ ലഭിച്ചു. ഉത്തർപ്രദേശിൽ 2 കോടി ജനങ്ങൾക്കാണ് പൈപ്പ് ജല കണക്ഷൻ ലഭിച്ചത്. അതിൽ 3 ലക്ഷം വീടുകൾ അമേഠിയിലാണ്.’
രാജ്യത്ത് പ്രതിദിനം 28 കിലോമീറ്റർ എന്ന കണക്കിനാണ് ഹൈവേകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 60,000 കിലോമീറ്റർ നീളമുള്ള ഹൈവേകൾ ഇതിനകം നിർമ്മിച്ചുകഴിഞ്ഞു. ഏകദേശം 2 ലക്ഷം ഗ്രാമങ്ങൾ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമായി ബന്ധിപ്പിച്ചു. റെയിൽവേ ബജറ്റ് 19 മടങ്ങ് വർദ്ധിപ്പിച്ചു. വിമാനത്താവളങ്ങൾ ഇരട്ടിയായി. നേരത്തെ അവിടെ ഉണ്ടായിരുന്നത് 84 വിമാനത്താവളങ്ങളായിരുന്നെങ്കിൽ ഇപ്പോൾ ഉള്ളത് 148 വിമാനത്താവളങ്ങളാണ്.
10 വർഷം മുൻപ് നമ്മൾ ഉപയോഗിച്ചിരുന്ന ഫോണുകളുടെ പിന്നിൽ മെയ്ഡ് ഇൻ ജപ്പാൻ, മെയ്ഡ് ഇൻ ചൈന, മെയ്ഡ് ഇൻ തായ്വാൻ, മെയ്ഡ് ഇൻ കൊറിയ എന്നെല്ലാം എഴുതിയിരിക്കുന്നത് കാണാമായിരുന്നു. മാറ്റം വന്നിരിക്കുകയാണ്. നമ്മൾ ഉപയോഗിക്കുന്ന ഫോണുകളുടെ പിന്നിൽ മെയ്ഡ് ഇൻ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോ മൊബൈൽ നിർമ്മാതാക്കളായി ഇന്ത്യ മാറി. മുൻപ് ജപ്പാനിൽ നിന്നുള്ള കാറുകളെ പറ്റിയാണ് നമ്മൾ കേട്ടിരുന്നത് എന്നാലിന്ന് ലോകത്തെ മൂന്നാമത്തെ വലിയ വാഹന നിർമ്മാതാക്കളായി നമ്മൾ മാറിയെന്നും വികസനത്തിന്റെ കാര്യത്തിൽ ജപ്പാനെ നമ്മൾ പിന്നിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.















