തിരുവനന്തപുരം: അമ്പൂരിൽ ലഹരി സംഘത്തിന്റെ വിളയാട്ടം. കൺസ്യൂമർ ഫെഡ് ജീവനക്കാരിയെ നടു റോഡിൽ വച്ച് മർദ്ദിച്ച് പണം അപഹരിച്ചു. രക്ഷിക്കാനെത്തിയ ഭർത്താവിനെയും ജീവനക്കാരനെയും ലഹരി സംഘം മർദ്ദിച്ചു. വഴിലൂടെ പോയവരെ സംഘം ആക്രമിക്കുകയും ഒരു പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മൂന്ന് ബൈക്കുകളിലായെത്തിയ ലഹരി സംഘം വഴിയിലൂടെ പോയവരെ മർദ്ദിക്കുകയും ഒരു പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ജോലി കഴിഞ്ഞിറങ്ങിയ കൺസ്യൂമർ ഫെഡ് ജീവനക്കാരിയെയും അക്രമികൾ മർദ്ദിച്ചു. ഇത് തടയാനെത്തിയവരെയും ഇവർ ആക്രമിച്ചു. പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വെട്ടേറ്റ പാസ്റ്ററെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരത്തിൽ ലഹരി മാഫിയകൾ നഗരത്തിലുടനീളം കറങ്ങി നടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു.















