ന്യൂഡൽഹി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു. നിമോണിയ ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസങ്ങളിൽ വെൻ്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന മാധവി രാജെ ഇന്ന് രാവിലെയാണ് മരിച്ചത്.
മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെ വസതിയിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾ മുമ്പ് ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് മാധവി രാജെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സെപ്സിസും നിമോണിയയും സ്ഥിരീകരിക്കുകയായിരുന്നു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന സിന്ധ്യാസ് കന്യാ വിദ്യാലയത്തിന്റെ ബോർഡ് ഓഫ് ഗവർണേഴ്സ് ചീഫായിരുന്നു മാധവി രാജെ. സമൂഹത്തിനായി ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളിലും അവർ സജീവമായിരുന്നു. ഭർത്താവിന്റെ സ്മരണയ്‌ക്കായി മഹാരാജ മാധവറാവു സിന്ധ്യ ഗാലറിയും കൊട്ടാരത്തിൽ നിർമിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.















