കൊൽക്കത്ത: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ടിഎംഎസിയുടെ ഒരുകാലത്തെ മുദ്രാവാക്യമായിരുന്ന ‘മാ മതി മനുഷ്’ (Mother, Land, and People) ഇപ്പോൾ ‘മുല്ലാക്കാ മദ്രസാ മാഫിയ’ ആയി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. നോർത്ത് 24 പർഗാനാസിൽ നടന്ന റാലിയിലാണ് മമതാ സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനം അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഇമാമുമാർക്ക് ഓണറേറിയം കൊടുക്കുന്ന ബംഗാൾ സർക്കാർ ക്ഷേത്രങ്ങളിലെ പുരോഹിതൻമാർക്ക് നയാപൈസപോലും നൽകാൻ തയ്യാറല്ല. മുഹറം ഘോഷയാത്രയ്‌ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു നൽകിമ്പോൾ ദുർഗാ പൂജ തടയാനാണ് പൊലീസ് ശ്രമിക്കുന്നത്, ഷാ പറഞ്ഞു.
നുഴഞ്ഞു കയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാനാണ് മമതയുടെ ശ്രമം. ഇതിനായാണ് പൗരത്വ ഭേദഗതി നിയമത്തിനെ പറ്റി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം മമത നിരസിച്ചത് ഇതേ വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിയുടെ പാതാളത്തിലേക്ക് കൂപ്പികുത്തിയ സംസ്ഥാനമായി ബംഗാൾ മാറിയെന്ന് പറഞ്ഞ അമിത്ഷാ അഴിമതിക്കാരെ വെറുതെ വിടില്ലെന്ന മുന്നറിയിപ്പും നൽകി. ചിട്ടി ഫണ്ട് അഴിമതി, അദ്ധ്യാപക നിയമന അഴിമതി, മുനിസിപ്പൽ നിയമന അഴിമതി, റേഷൻ അഴിമതി, കൽക്കരി കള്ളക്കടത്ത് എന്നിവയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളും ഉടൻ ജയിലിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















