വാഷിംഗ്‌ടൺ: കോട്ടുവായ ഇട്ടതിന് പിന്നാലെ വായ അടയ്‌ക്കാനാകാതെ 21കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ. യുഎസിലെ ന്യൂ ജഴ്‌സിയിൽ നിന്നുള്ള ജെന്ന സിനാത്രയ്‌ക്കാണ് ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ദുരനുഭവമുണ്ടായത്. വായ അടക്കാൻ സാധിക്കാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെന്നയുടെ ദൃശ്യങ്ങൾ ഒരു കോടി പേരാണ് കണ്ടത്.
ലോക്ക് ജോ എന്ന അവസ്ഥയാണ് യുവതിയെ ബുദ്ധമുട്ടിലാക്കിയത്. നാല് മണിക്കൂറോളം വായ അതേപടി വെക്കേണ്ടതായി വന്നെന്നും ജെന്ന വീഡിയോയിൽ പറഞ്ഞു. ഡോക്ടർമാർ നടത്തിയ എക്സറെ പരിശോധനയിൽ ശക്തമായ കോട്ടുവായയിൽ താടിയെല്ലിന് സ്ഥാനച്ചലനം സംഭവിച്ചതായി കണ്ടത്തി. ഏറെ ചികിത്സകൾക്ക് ശേഷമാണ് താടിയെല്ല് പൂർവ്വസ്ഥിതിലാക്കിയത്.
“ഇത് സംഭവിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,” എന്ന അടികുറിപ്പോടെ പങ്കുവെച്ച വീഡിയോയ്‌ക്ക് ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്. പുതിയൊരു പേടി ഉടലെടുത്തിരിക്കുന്നുവെന്നും ഏറ്റവും വലിയ പേടിസ്വപ്‌നമെന്നുമെല്ലാം പലരും കമന്റ് ചെയ്തു. എന്നാൽ ഇതിൽ അത്ര ഭയപ്പെടാനില്ലെന്നും ലോക്ക് ജോ പലർക്കും അനുഭവപ്പെടാറുണ്ടെന്നും ചിലർ മറുപടി നൽകി.