ഒരുപിടി ഫീൽഗുഡ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ജിസ് ജോയ്. പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി പക്കാ ത്രില്ലർ പടവുമായി എത്തുകയാണ് അദ്ദേഹം. ആസിഫ് അലിയും ബിജു മേനോനും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം 24ന് തിയേറ്ററിൽ എത്തും. മലയാള സിനിമ അതിന്റെ വസന്തകാലത്തിലാണ് നിൽക്കുന്നതെങ്കിലും തങ്ങൾക്ക് ചെറുതായൊരു പേടിയുണ്ടെന്ന് പറയുകയാണ് തലവൻ ടീം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ടർബോ മെയ് 23നാണ് റിലീസ് ചെയ്യുന്നത്. അതുതന്നെയാണ് ഭയമെന്നും ടീം പറഞ്ഞു. ‘ തലവന്റെ റിലീസ് തീയതി നേരത്തെ തീരുമാനിച്ചതായിരുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ശേഷം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതനുസരിച്ചാണ് പൂർത്തിയാക്കിയിരുന്നത്. ടർബോ ജൂൺ 13ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ആ സമയത്ത് ഞങ്ങൾക്ക് ചെറിയൊരു ആശ്വാസം ഉണ്ടായിരുന്നു, മൂന്ന് ആഴ്ചത്തെ ഇടവേളയ്‌ക്ക് ശേഷമായിരിക്കും ടർബോയുടെ റിലീസ് എന്നൊരു ആശ്വാസം ഉണ്ടായിരുന്നു. എന്നാൽ ടർബോയുടെ റിലീസ് തീയതി മെയ് 23 ലേക്ക് വന്നപ്പോൾ നമുക്ക് മാറാൻ പിന്നെ ഒരു ഇടമില്ലാതായി.
ഈ വർഷം മലയാളത്തിലിറങ്ങിയ ചിത്രങ്ങളെല്ലാം വളരെ തിരക്കോടെ തിയേറ്ററുകളിൽ പ്രദർശനം നടത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു നമ്മൾ. അതുകൊണ്ടു തന്നെ വളരെ സുരക്ഷിതമായി തോന്നിയ റിലീസ് തീയതിയായിരുന്നു മെയ് 24. അതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴായിരുന്നു ടർബോയുടെ റിലീസ് 23 ലേക്ക് മാറ്റുന്നത്. സംവിധായകൻ വൈശാഖ് ആയിരുന്നതുകൊണ്ട് ജൂൺ 13 പിന്നെയും നീട്ടുമെന്ന് ഞങ്ങൾക്ക് എല്ലാവർക്കും ഒരു ചെറിയ വശ്വാസമുണ്ടായിരുന്നു. എന്നാൽ എല്ലാം തകിടം മറിയുകയായിരുന്നെന്ന് ആസിഫ് അലി പറഞ്ഞു.
മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ വരുന്ന വമ്പൻ ചിത്രമായതുകൊണ്ടുതന്നെ നല്ല പേടിയുണ്ടായിരുന്നു. ടർബോ വളരെ വലിയൊരു ചിത്രമാണ്, നമ്മുടേത് ഒരു ചെറിയ ചിത്രവുമാണ്. മലയാളത്തിന്റെ വസന്തകാലം എന്ന് പറയുന്നതു പോലെ മലയാള സിനിമയിൽ മമ്മൂട്ടിയുടെയും വസന്തകാലമാണ്. അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങൾ വരുന്ന സമയമാണിത്. അതിനിടെ ഞങ്ങളുടെ ഒരു ചെറിയ ചിത്രത്തിന് കിടപിടിച്ച് നിൽക്കാൻ പറ്റുമോ എന്ന് സംശയമായിരുന്നു.
തലവന്റെ റിലീസ് തീരുമാനിച്ചത് പല മാനദണ്ഡങ്ങളിലൂടെയാണ്. വെക്കേഷൻ കഴിയാൻ പോകുന്നു, തെരഞ്ഞെടുപ്പ് ഫലം, മഴ എന്നിവയെല്ലാം മുന്നിൽ കണ്ട് വളരെ അനുയോജ്യമായ ഒരു തീയതിയാണെന്ന് തോന്നിയാണ് തീരുമാനിച്ചത്. ഒരു പക്ഷേ വെക്കേഷൻ തീരാൻ ഒരാഴ്ച കൂടി അധികമുണ്ടായിരുന്നെങ്കിൽ ഞങ്ങൾ റിലീസ് മാറ്റുമായിരുന്നു എന്നും സംവിധായകൻ ജിസ് ജോയ് പറഞ്ഞു.