ആപ്പിൾ, മുന്തിരി, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങി പല വിധത്തിലുള്ള പഴ വർഗങ്ങളാണ് നമ്മുടെ വിപണി കീഴടക്കുന്നത്. ഇവയിൽ തന്നെ കുരുക്കളുള്ളവയും ഇല്ലാത്തവയുമുണ്ട്. തണ്ണിമത്തൻ കഴിക്കുമ്പോൾ അതിന്റെ കുരു അറിയാതെ ഇറങ്ങി പോകുന്നതും പതിവാണ്. ഇങ്ങനെ കുരു കഴിച്ചാൽ അത് അപകടമാണോ? അതോ ശരീരത്തിന് നല്ലതാണോ? അറിയാം..
തണ്ണിമത്തൻ കുരു
തണ്ണിമത്തൻ കുരുക്കളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇവ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിനുകളും ധാരാളം ധാതുക്കളും നാരുകളും ഇവയിൽ അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയ ശരിയായ രീതിയിലാക്കാനും അണുബാധകൾ തടയാനും തണ്ണിമത്തനിലെ കുരുക്കൾ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നതിനും തണ്ണിമത്തനിലെ കുരുക്കൾ കഴിക്കുന്നത് നല്ലതാണ്. ഇതിനുപുറമെ മത്തൻ വിത്തും, കുമ്പളൻ വിത്തും, സൂര്യഗാന്ധി പൂവിന്റെ വിത്തും ഉണക്കി കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.
പഴ വർഗങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ കഴിക്കുന്നത് നല്ലതാണെങ്കിലും ഇവ കഴിക്കുന്നതിന് മുമ്പ് ചില മുൻകരുതലുകൾ എടുക്കുന്നത് നല്ലതായിരിക്കും. വിത്തുകൾ മിതമായ രീതിയിൽ കഴിക്കാൻ ശ്രദ്ധിക്കുക. പച്ച വിത്തുകൾ കഴിക്കുന്നതിന് പകരം ഉണക്കി പൊടിച്ച് കഴിക്കുന്നതാണ് നല്ലത്. അലർജി പോലുള്ള രോഗങ്ങളുള്ളവർ ഇത്തരം വിത്തുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഇതിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ അലർജിയുള്ളവരിൽ ദോഷകരമായി ബാധിച്ചേക്കാം.