ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400-ലധികം സീറ്റുകൾ നേടി അധികാരത്തിലേറിയാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാർട്ടി ലക്ഷ്യം വയ്‌ക്കുന്ന സീറ്റുകൾ ജനങ്ങൾ നൽകിയാൽ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിലും ജ്ഞാൻവാപിയിലും ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്സാർഖണ്ഡിലെ രാംഗഢിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഭരണകാലത്ത് പാർലമെന്റിൽ പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായിട്ടില്ല. അവർ പറഞ്ഞത് കശ്മീരിന്റെ ഒരു ഭാഗം ഇന്ത്യയിലും മറ്റൊരു ഭാഗം പാകിസ്താനിലുമാണെന്നാണ്. പാക് അധീന കശ്മീർ ഭാരതത്തിന്റേതാണ്. പ്രക്ഷോഭം നടക്കുന്ന അവിടെ ജനങ്ങൾ ഭാരതത്തിന്റെ ത്രിവർണ പതാക ഉയർത്തിയാണ് പ്രതിഷേധിക്കുന്നത്. ശ്രീകൃഷ്ണ ജന്മഭൂമിയിലും ജ്ഞാൻവാപിയിലും ക്ഷേത്രങ്ങൾ ഉയരാനും ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാനും എൻഡിഎ സർക്കാർ 400 സീറ്റുകൾ നേടി ഭരണത്തിലെത്തേണ്ടത് ആവശ്യമാണ്. 2019-ൽ 300 സീറ്റുകളിലധികം നേടിയപ്പോഴാണ് രാമക്ഷേത്രം ഉയർന്നതും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒബിസി വിഭാഗത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി സംവരണം ആവശ്യമുള്ള
ജനവിഭാഗങ്ങൾക്ക് കൂടുതൽ ശക്തി പകരാനാണ് എൻഡിഎ സർക്കാർ ശ്രമിക്കുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
എസ്സി, എസ്ടി, ഒബിസി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാനാണ് കോൺഗ്രസുകാർ ശ്രമിക്കുന്നത്. കർണ്ണാടകയിലാണ് അവർ ഇത് ആദ്യം നടപ്പിലാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















