ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയറിയിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷൻ. മോദിയുടെ ഭരണത്തിന് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന് വഖഫ് ബോർഡ് അധ്യക്ഷൻ ശദാബ് ശംസ് പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങൾ മറികടക്കാൻ ഭാരതത്തിന് മോദിയുടെ ശക്തമായ നേതൃത്വം ആവശ്യമാണ്. മൂന്നാം തവണയും മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡി സഖ്യത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച വഖഫ് ബോർഡ് അധ്യക്ഷൻ ദുർബലമായ കരങ്ങളിൽ രാജ്യത്തിന്റെ ഭരണമെത്തിയാൽ ജനങ്ങൾ ദുരിതത്തിലാകുമെന്നും കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ വിജയത്തിനായി അദ്ദേഹം മറ്റു മുസ്‌ലിം സമുദായ അംഗങ്ങൾക്കൊപ്പം ഹരിദ്വാറിലെ സാബിർ സാഹിബിന്റെ ദർഗയിൽ പ്രാർത്ഥന നടത്തി വഴിപാടുകളും നൽകി. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവർത്തങ്ങൾ തുടരണമെങ്കിൽ മോദി അധികാരത്തിൽ വരണമെന്നും അദ്ദേഹം പ്രാർത്ഥനയ്‌ക്ക് ശേഷം പറഞ്ഞു.
സമൂഹത്തിന്റെ എല്ലാ കോണിലും മോദിയുടെ വികസനപദ്ധതികളുടെ ഫലമെത്തി. ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചു. രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളോ ഭരണഘടനയോ മോദിയുടെ ഭരണത്തിന് കീഴിൽ അപകടത്തിലല്ല. അപകടത്തിലായിരിക്കുന്നത് ചില രാഷ്‌ട്രീയക്കാരുടെ കടകളാണ്. എന്നാൽ പ്രതിപക്ഷം കള്ളങ്ങൾ പറഞ്ഞുപരത്തി മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















