ഇന്ദ്രജിത്തും സൈജു കുറുപ്പും പ്രധാനവേഷത്തിലെത്തുന്ന ‘കാലന്റെ തങ്കക്കുടം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിതിഷ് കെടിആർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറിപ്പ്, അജു വർഗീസ്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, വിജയ് ബാബു, ജൂഡ് ആന്റണി, വൃന്ദ മേനോൻ, ശ്രുതി സുരേഷ്, ഷൈജു ശ്രീധർ തുടങ്ങിയ താരങ്ങളും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
വ്യത്യസ്തമായ പ്രമോഷനിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചത്. കഴിഞ്ഞ ദിവസം നടൻ ഇന്ദ്രജിത്തും വിജയ് ബാബുവും പങ്കുവച്ച ഒരു പത്രവാർത്തയുടെ ചിത്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ആകാശത്തു നിന്നും തങ്കക്കുടം വീണുകിട്ടി എന്ന തലക്കെട്ടോടെയുള്ള പത്രവാർത്തയാണ് ഇരുവരും പങ്കുവച്ചത്. ‘ഈ തങ്കകുടത്തിന്റെ ഉടമസ്ഥർ നാളെ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു!!” എന്ന കുറിപ്പും ഒരു കുടത്തിന്റെ ചിത്രവും ഇരുവരും പങ്കുവച്ചിരുന്നു. ഈ പോസ്റ്റിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.
‘തങ്കകുടത്തിന്റെ ഉടമസ്ഥർ വരുന്നു…. കുറച്ചു ദൂരമുള്ളതിനാൽ വരാൻ കാലതാമസമുണ്ടാകുമെന്നും, “തങ്കകുടം” പോലിസ് സ്റ്റേഷനിൽ അല്ല ഏതു പാതാളത്തിൽ ആണെങ്കിലും അവർ വന്നെടുക്കുമെന്നുമുള്ള വിവരം ലഭിച്ചതായി, ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിയിപ്പ് കിട്ടിയെന്ന രസകരമായ കുറിപ്പോടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചത്.