ലക്നൗ: ഒരു കാരണവശാലും സംവരണം നിർത്തലാക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സംവരണം നിർത്തലാക്കുമെന്ന് വ്യാജ പ്രചാരണം നടത്തി ന്യൂനപക്ഷ സമുദായത്തിൽ ഭയം വളർത്തുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്നൗവിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അംഭിസംബോധന ചെയ്യുകയായിരുന്നു രാജ്നാഥ് സിംഗ്.
‘ഏത് സാഹചര്യത്തിലായാലും എന്തുവന്നാലും ബിജെപി ഒരിക്കലും സംവരണം റദ്ദാക്കില്ല. മോദി സർക്കാരിനെതിരെ പല കുപ്രചരണങ്ങളും നടക്കുന്നുണ്ട്. എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുമെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. നമ്മുടെ ഭരണഘടന ഇത് ഒരിക്കലും അനുവദിക്കില്ല’.
‘മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകിയവർ പ്രതിപക്ഷ പാർട്ടിയായിരുന്നു. ജാമിയ മില്ലിയ സർവകലാശാലയിലും അലിഗഡ് സർവകലാശാലയിലും സംവരണം കൊണ്ടുവരാൻ പ്രതിപക്ഷം ശ്രമിച്ചു. എന്നാൽ സുപ്രീം കോടതി ഇടപ്പെട്ട് അത് റദ്ദാക്കി.
ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം വളർത്താനാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത്’- രാജ്നാഥ് സിംഗ് പറഞ്ഞു.
എസ്സി, എസ്ടി, ഒബിസി സംവരണം വർദ്ധിപ്പിക്കും, മുസ്ലീം സംവരണം അവസാനിപ്പിക്കും എന്നീ കോൺഗ്രസിന്റെ വ്യാജ പ്രചരണങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. കള്ളങ്ങൾ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി അധികാരത്തിലിരിക്കുന്നു. എന്നാൽ സംവരണം ഇല്ലാതാക്കിയോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.