ന്യൂഡൽഹി: ശ്രീലങ്ക- പാകിസ്താൻ പൗരന്മാർ ഉൾപ്പെട്ട ചരവൃത്തി കേസിൽ കർണാടക സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നൂറുദ്ദീനാണ് അറസ്റ്റിലായത്. കർണാടകയിലെ മൈസൂരുവിൽ നിന്നാണ് പ്രതിയെ എൻഐഎ സംഘം പിടികൂടിയത്.
മൈസൂരുവിലെ രാജീവ് നഗർ പ്രദേശത്ത് ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതിയുടെ പക്കൽ നിന്നും അഞ്ച് ലക്ഷം രൂപയും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടിലും സംഘം പരിശോധന നടത്തി. ഒന്നിലധികം ഫോണുകൾ, ലാപ്‌ടോപ്പുകൾ, പെൻഡ്രൈവുകൾ, ഡ്രോൺ എന്നിവയുൾപ്പെടെ കണ്ടെടുത്തതായി എൻഐഎ അറിയിച്ചു.
ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കേസ്. ശ്രീലങ്കൻ പൗരൻ മുഹമ്മദ് സക്കീർ ഹുസൈൻ, കൊളംബോയിലെ പാകിസ്താൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന അമീർ സുബൈർ സിദ്ദിഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജാമ്യത്തിലിറങ്ങിയതാണ് നൂറുദ്ദീൻ. കേസിൽ ഈ മാസം ഏഴിന് ഇയാളെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ ഉപയോഗിച്ച് ദേശവിരുദ്ധ ചാരപ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിൽ നൂറുദ്ദീൻ ഉൾപ്പെട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. 2014-ൽ ചെന്നൈയിലെ യുഎസ് കോൺസുലേറ്റിലും ബെംഗളൂരുവിലെ ഇസ്രായേൽ എംബസിയിലും സ്ഫോടനം നടത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. കേസിന്റെ വിചാരണ ഉടൻ ആരംഭിക്കുമെന്ന് എൻഐഎ അറിയിച്ചു.















