പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മുഴുനീള കോമഡി എന്റർടെയ്ൻമെന്റ് ചിത്രമാണിത്. ഇന്ന് പുറത്തെത്തിയ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് കണക്കുകളാണ് പുറത്തുവരുന്നത്. ടിക്കറ്റ് ബുക്കിംഗിലൂടെ ഒരു കോടിയിലധികം രൂപ മുൻകൂറായി ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. പൃഥ്വിരാജാണ് ടീസർ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. അതിന് മുമ്പ് പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ് ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.
ജഗദീഷ്, രേഖ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.















