ലക്‌നൗ: ഉത്തർപ്രദേശിനെ കുറ്റകൃത്യരഹിത സംസ്ഥാനമാക്കി മാറ്റുന്നതിൽ അഹോരാത്രം പ്രയ്തിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മാഫിയകൾക്കെതിരെയും കൊള്ളക്കാർക്കെതിരെയും കർശന നടപടികൾ സ്വീകരിച്ച് ജനങ്ങളെ സംരക്ഷിക്കാൻ യോഗി എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ അസംഗഡിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” നിങ്ങളുടെ അനുഗ്രഹവും, സ്‌നേഹവും, വാത്സല്യവും ഈ ലോകത്തെ പോലും വിസ്മയിക്കുപ്പിക്കുന്നു. മോദിയുടെ ഗ്യാരന്റിയിൽ ജനങ്ങൾ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നുണ്ടെന്ന് നിങ്ങളുടെ സ്‌നേഹത്തിലൂടെ ലോകം സാക്ഷ്യം വഹിക്കുന്നു. എന്റെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിൽ ഒപ്പം നിന്ന വ്യക്തിയാണ് യോഗി ആദിത്യനാഥ്. മാഫിയകളെയും കൊള്ളക്കാരെയും തുരത്തിയോടിച്ച് അദ്ദേഹം സ്വച്ഛ് ഭാരത് അഭിയാൻ ഇവിടെ കൃത്യമായി പ്രാവർത്തികമാക്കി. സമാജ്‌വാദി പാർട്ടിയുടെ പഴയ ‘ ഗുണ്ടാരാജ്’ ദിനങ്ങൾക്ക് അവസാനമായിരിക്കുന്നു”.- പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസും സമാജ്വാദി പാർട്ടിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. നുണയും, പ്രീണനവും, അഴിമതിയും കൊണ്ട് ജീവിക്കാൻ പഠിച്ചവരാണ് അവരെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഭിന്നിപ്പിച്ച് ഭരിക്കുന്നതാണ് ഇരു പാർട്ടികളുടെ ലക്ഷ്യമെന്നും ഇതിനെതിരെ ജനങ്ങൾ ശക്തമായി തുറന്നടിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ഉത്സവം മറ്റ് രാജ്യങ്ങൾ പോലും ഉറ്റുനോക്കുന്നു. അവരുടെ രാജ്യങ്ങളിലെ പത്രങ്ങളിൽ പലപ്പോഴും നമ്മുടെ രാജ്യങ്ങളുടെ നേട്ടത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. നമ്മുടെ രാജ്യം ലോകത്തിന് മുന്നിൽ എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും ജനങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എന്നും ബിജെപിക്കും എൻഡിഎയ്‌ക്കുമൊപ്പമാണെന്ന് തെളിയിക്കുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















