ഗായിക സൈന്ധവിയുമായി വേർപിരിയുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സൈന്ധവിയും ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നു. ഇക്കാര്യത്തിൽ പ്രതികരിച്ച് ജിവി പ്രകാശ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘സംഭവങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ രണ്ട് വ്യക്തികളുടെ മനസ് വേദനിപ്പിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നത് അങ്ങേയറ്റം ഖേദകരമായ കാര്യമാണ്. സെലിബ്രിറ്റി ആണെന്ന് കരുതി മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല. ആളുകൾ ഇത്രയധികം അധഃപതിച്ചോ? നിങ്ങളുടെ കമന്റുകൾ രണ്ട് വ്യക്തികളുടെ മനസിനെ ബാധിക്കുമെന്ന് ചിന്തിക്കാത്തതെന്താ? എല്ലാവരുടെയും വികാരങ്ങളെ മാനിക്കുക.’ ജിവി പ്രകാശ് പറഞ്ഞു.
‘നീണ്ട ആലോചനകൾക്കൊടുവിൽ, സൈന്ധവിയും ഞാനും ചേർന്ന് 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പരസ്പര ബഹുമാനത്തെ മാനിച്ച്, ഞങ്ങളുടെ മനസമാധാനവും മുന്നോട്ടുള്ള ജീവിതവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് ഇത്. ഈ അവസരത്തിൽ ഞങ്ങളുടെ സ്വകാര്യത മാനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് മാദ്ധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഈ വേർപിരിയൽ. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ്.’ ജിവി പ്രകാശ് കുറിച്ചു. ഇതേ കുറിപ്പ് തന്നെ സൈന്ധവിയും പങ്കുവച്ചിരുന്നു.
സ്‌കൂൾ കാലഘട്ടം മുതൽ ജിവി പ്രകാശും സൈന്ധവിയും പ്രണയത്തിലായിരുന്നു. 2013 ലാണ് ഇരുവരും വിവാഹിതരായത്. 2020 ലാണ് ഇരുവരുടെയും മകൾ അൻവി ജനിച്ചത്. ജിവി പ്രകാശ് ഈണം നൽകിയ നിരവധി ഗാനങ്ങൾ സൈന്ധവി ആലപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നതിന്റെ നിരവധി വീഡിയോകൾ പങ്കുവച്ചിരുന്നു. ഇവയെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവയായിരുന്നു.















