കാലിഫോർണിയ: കത്തി പിടിച്ച് മെട്രോ ട്രെയിനിന് മുകളിലേക്ക് വലിഞ്ഞുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ലോസ് ഏഞ്ചൽസിലെ ഹിസ്‌റ്റോറിക് മെട്രോസ്‌റ്റേഷൻ 2nd സ്ട്രീറ്റ് ബ്രോഡ്‌വേയിൽ വച്ചായിരുന്നു സംഭവം. കത്തിയുമായെത്തിയ രണ്ട് പേരിലൊരാൾ ട്രെയിനിന്റെ മുകളിലേക്ക് വലിഞ്ഞു കയറുകയും പരിഭ്രാന്തി സൃഷ്ടിക്കുകയുമായിരുന്നു. ഇയാളെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയിച്ചു.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കത്തിപിടിച്ചൊരാൾ ട്രെയിന് മുകളിൽ നിൽക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കി. ഇയാൾക്ക് നിസാര പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളെയും പൊലീസ് പിടികൂടി. കത്തിയുമായി ട്രെയിനിന് മുകളിൽ കയറാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
യുവാക്കൾ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടർന്ന് സർവീസുകൾ ഏതാനും മണിക്കൂർ മുടങ്ങിയിരുന്നു. തുടർന്ന് 6 മണിയോടെയാണ് സർവീസുകൾ പുനരാരംഭിച്ചത്. സംഭവം ഗൗരവമുള്ളതാണെന്നും ബസുകളിലും ട്രെയിനുകളിലും കൂടുതൽ പട്രോളിംഗ് നടത്തുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും ലോസ് ഏഞ്ചൽസ് മേയറും മെട്രോ ബോർഡ് ഡയറക്ടറുമായ കരേൻ ബാസ് അറിയിച്ചു.