മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണുണ്ടായ ദുരന്തത്തിൽ ഹോൾഡിംഗ് സ്ഥാപിച്ച കമ്പനിയുടെ ഉടമ പിടിയിലായി. ഇഗോ മീഡിയ എന്ന സ്വകാര്യ കമ്പനിയുടെ ഉടമ ഭാവേഷ് ബിൻഡെ ആണ് രാജസ്ഥാനിൽ അറസ്റ്റിലായത്. ഉദയ്പൂരിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയിലെ ഘട്കോപ്പറിൽ പാെടിക്കാറ്റിനെയും കനത്ത മഴയെയും തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് പരസ്യബോർഡ് പെട്രോൾ പമ്പിന് മേലേക് വീണത്. 16 പേരുടെ ജീവൻ പൊലിയുകയും 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭാവേഷിനെതിരെ പീഡനമടക്കം 23 ക്രിനിൽ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്ന് വൈകിട്ടാണ് ഇയാൾ മുംബൈ പൊലീസിന്റെ പിടിയിലായത്.
17,040 സ്ക്വയർ ഫീറ്റ് അളവിൽ നിർമ്മിച്ച ഹോൾഡിംഗിന് തദ്ദേശ സ്ഥാപനത്തിന്റെ അനുമതിയുണ്ടായിരുന്നില്ല. ഇതടക്കം നിരവധി പരസ്യ ബോർഡുകൾ ഇയാളുടെ കമ്പനി മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉടനെ നീക്കണമെന്ന് കാട്ടി ബിർഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
: