ഹൈദരാബാദ്: കമ്യൂണിസം എന്നാൽ ചരിത്രവും ബിജെപിയെന്നാൽ ഭാവിയുമാണെന്ന് എംപി തേജസ്വി സൂര്യ. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും അവരുടെ രാഷ്‌ട്രീയത്തെയും ലോകമെമ്പാടുമുള്ള ജനങ്ങൾ നിരസിച്ചതാണ്. കേരളത്തിലായാലും രാജ്യത്തിന്റെ ഏത് ഭാഗമെടുത്താലും ബിജെപിയാണ് ഭാവിയെന്നും തേജസ്വി യാദവ് പറഞ്ഞു. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസും കമ്യൂണിസ്റ്റും രാജ്യത്ത് പ്രചരിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ വിഭജന രാഷ്‌ട്രീയത്തിന്റേതാണെന്നും തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി.
ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസും കമ്യൂണിസ്റ്റും. ഇതിനായി ആർട്ടിഫിഷ്യൽ ഫോൾട്ട് ലൈനുകളെ ഉപയോഗിക്കുകയാണ്. സൗത്ത്-നോർത്ത് എന്നുള്ള വിഭജനമാണ് അതിൽ ഏറ്റവും പുതിയത്. ബ്രിട്ടീഷുകാരുടെ കാലം മുതൽ അതിന് വേണ്ടിയൊരു ശ്രമം നടക്കുന്നുണ്ട്. ദ്രാവിഡ രാഷ്‌ട്രീയം പയറ്റിയവരും മാർക്സിസ്റ്റുകാരും സൗത്ത്-നോർത്ത് വിഭജനത്തിന് ശ്രമിച്ചു.
രാജ്യത്തെ ഐക്യത്തോടെ കൊണ്ടുപോവുക എന്നുള്ളതാണ് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ചുമതല. ഒരു എംപിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ രാജ്യത്തിന്റെ അഖണ്ഡതയെ കാത്തുസൂക്ഷിക്കുമെന്നാണ് പറയുന്നത്. എന്നാൽ കോൺഗ്രസ് പാർട്ടിയും അവരുടെ എംപിമാരും സംസാരിക്കുന്നത് വംശപാരമ്പര്യത്തിന്റെ ഭാഷയാണ്. ഇതിനേക്കാൾ അപമാനകരമായ മറ്റൊന്നും ഇനി സംഭവിക്കാനില്ല. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണെങ്കിൽ അത്തരം ഭാഷ പ്രയോഗിക്കുന്ന എംപിമാർക്കെതിരെ നടപടിയെടുക്കണം. എന്നാൽ നടക്കുന്നത് എന്താണെന്ന് വച്ചാൽ ഇത്തരക്കാർക്ക് ടിക്കറ്റ് നൽകുന്നതിനൊപ്പം അവരുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കോൺഗ്രസിന്റെ ജന്മസിദ്ധമായ ഡിഎൻഎ പരിശോധിച്ചാൽ വിഭജിച്ച് ഭരിക്കുകയെന്നത് അവരുടെ DNAയിൽ അലിഞ്ഞതാണെന്ന് മനസിലാക്കാൻ സാധിക്കും. കാരണം ആത്യന്തികമായി അവർ ഈ രാജ്യത്തെ വിഭജിച്ച കോൺഗ്രസ് പാർട്ടിയാണ്.
ബിജെപിയുടെ വളർച്ച തടയാൻ വേണ്ടിയാണ് പലതരത്തിലുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ കോൺഗ്രസും കമ്യൂണിസ്റ്റും സൃഷ്ടിച്ചെടുക്കുന്നത്. ഹിന്ദി വിദ്വേഷത്തിനും ദേശവിരുദ്ധതയ്‌ക്കും പിന്നിലുള്ള അജണ്ടയും ഇതാണെന്ന് അദ്ദേഹം വ്യക്തമാക്കി.