ലക്‌നൗ: ലോകം ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ മാറി കഴിഞ്ഞിരിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 2027ഓടെ രാജ്യം സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ലക്‌നൗവിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” 2027ഓടെ രാജ്യം സമ്പദ്‌വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തും. ഇന്ന് നമ്മുടെ രാജ്യത്തെ നേട്ടങ്ങൾ മറ്റു രാജ്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം നോക്കികാണുന്നു. ഭാരതം ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. നമ്മുടെ അയൽ രാജ്യം ഒരിക്കലും ഭാരതത്തെ കുറിച്ച് നല്ലതൊന്നും പറഞ്ഞിട്ടില്ല. എന്നാൽ ഇന്ന് അവരും ഭാരതത്തിന്റെ നേട്ടങ്ങളെ കുറിച്ച് സംസാരിക്കുന്നു. പാകിസ്താനിലെ പരിതാപസ്ഥിതി അവിടുത്തെ നേതാക്കൾ തന്നെ തുറന്നു പറയുന്നു.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.
പാക് അധീന കശ്മീരിൽ സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം പാകിസ്താൻ പാർലമെന്റിൽ നടന്ന സമ്മേളനത്തിൽ പാർലമെന്റ് അംഗം സയ്യിദ് മുസ്തഫ കമാലും ഭാരതത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു. ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോൾ പാകിസ്താനിലെ കുഞ്ഞുങ്ങൾ റോഡുകളിലെ കുഴികളിൽപ്പെട്ട് മരിക്കുന്നുവെന്നും കറാച്ചിയിൽ ശുദ്ധജലം പോലും കിട്ടാനില്ലെന്നുമായിരുന്നു സയ്യിദിന്റെ വാക്കുകൾ.















