മുംബൈ: രാഷ്‌ട്രീയ പ്രീണനത്തിന്റെ ഭാഗമായാണ് മുസ്ലീങ്ങൾ അപകടത്തിലാണെന്ന വാദം പ്രതിപക്ഷം ഉയർത്തുന്നതെന്ന് കേന്ദ്രമന്ത്രിയും മഹാരാഷ്‌ട്രയിലെ മുംബൈ നോർത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ പിയൂഷ് ഗോയൽ. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേർതിരിച്ച് കണ്ടിട്ടില്ല. 140 കോടി ജനങ്ങളുടെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയാണ് പ്രധാനമന്ത്രി ചിന്തിക്കുന്നത്. സങ്കൽപ്പ് പത്രയിൽ ആരുടെയും മതമോ ജാതിയോ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങൾ അപകടത്തിലാണെന്ന വാദം കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളാണ് ഉയർത്തുന്നത്. സാധാരണക്കാരായ ജനങ്ങൾ ഈ പൊള്ളത്തരത്തെ തള്ളിപ്പറയുമെന്ന് ഉറപ്പാണ്. ജനങ്ങളുടെ നല്ലതിന് വേണ്ടിയാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാം. 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുമ്പോഴോ, നാല് കോടി ജനങ്ങൾക്ക് വീട് നൽകിയപ്പോഴോ അദ്ദേഹം ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല. ഒരു പൗരനോടും നിറം, ജാതി, മതം, ഭാഷ എന്നിവ ചോദിച്ചിട്ടില്ല.
മോദിയുടെ ഗ്യാരന്റികൾ നടപ്പിലാക്കുമ്പോഴോ ആയുഷ്മാൻ ഭാരതിൽ പേര് രജിസ്റ്റർ ചെയ്യിപ്പിക്കുമ്പോഴോ മതത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടില്ല. 70 വയസിന് മുകളിലുള്ളവർക്കുള്ള ആയുഷ്മാൻ ആനുകൂല്യം നീട്ടുകയാണ് മൂന്നാംതവണ അധികാരത്തിൽ വരുമ്പോൾ ചെയ്യാൻ പോകുന്ന പ്രധാനപ്പെട്ട കാര്യം. വൈദ്യുതി, ഗ്യാസ് കണക്ഷൻ, കുടിവെള്ളം, ഇന്റർനെറ്റ് കണക്ടിവിറ്റി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ വിവേചനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.















