ന്യൂഡൽഹി: നാളെ മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ചൂട് വർദ്ധിക്കുന്നത്. അടുത്ത് അഞ്ച് ദിവസങ്ങളിൽ ബിഹാറിലെ ചില ഭാഗങ്ങളിലും താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഗുജറാത്തിൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരും.ഏതാനും ദിവസത്തിനുള്ളിൽ ഉത്തർപ്രദേശിലും ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിലും ഡൽഹിയിലും ഉഷ്ണതരംഗം ആരംഭിച്ചു.
18,19,20 തീയതികളിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത ചൂട് ഉണ്ടാകുന്നതിന്റെ ഭാഗമായി ജാഗ്രതാ നിർദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കരുതെന്നും അസുഖബാധിതർ ഭാരിച്ച ജോലികൾ ചെയ്യരുതെന്നുമാണ് നിർദേശം.
അതേസമയം, തമിഴ്‌നാട്, പുതുച്ചേരി, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കാലാവസ്ഥ വളരെ വ്യത്യസ്തമാണ്. സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. അടുത്ത ഏഴ് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.