കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിൽ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ബഹളമുണ്ടാക്കി എസ്‍എഫ്ഐ പ്രവർത്തകർ. പുറത്ത് നിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകരാണ് വോട്ടെണ്ണല്‍ നടക്കുന്ന ഹാളിലേക്ക് അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കിയത്. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ഡിപാർട്മെന്റ് വോട്ടെണ്ണിയപ്പോൾ എസ്എഫ്ഐ പ്രതിനിധി തോറ്റതോടെയാണ് ബഹളം ആരംഭിച്ചത്.
ലിറ്ററേച്ചർ ഡിപാർട്മെന്റിൽ 16 വോട്ടിന് എംഎസ്എഫ് പ്രതിനിധി വിജയിച്ചതാണ് എസ്‍എഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഫലം പ്രഖ്യാപിക്കാൻ അനുവദിക്കാതെ എസ്എഫ്ഐക്കാർ സംഘം ചേർന്ന് ബഹളമുണ്ടാക്കുകയായിരുന്നു. ഇതോടെ വോട്ടെണ്ണൽ നിർത്തിവച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ഉൾപ്പെടെ പുറത്തുനിന്ന് എത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നെന്ന് എംഎസ്എഫ് പ്രവർത്തകർ പറഞ്ഞു.
എസ്എഫ്ഐയുടെ ബഹളത്തെ തുടർന്ന് റീ കൗണ്ടിംഗ് ആരംഭിച്ചിരുന്നു. എന്നാൽ ആ സമയത്ത് എംഎസ്എഫ് പ്രവർത്തകരമായി വാക്കുത്തർക്കമുണ്ടായി. തർക്കം സംഘർഷത്തിലെത്തിയപ്പോഴാണ് വോട്ടെണ്ണൽ നിർത്തിവച്ചത്.















